അതിസുരക്ഷാ മേഖല, എപ്പോഴും കർശന നിരീക്ഷണം, പോരാത്തതിന് സി സി ടി വികളും; നിധികുംഭമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുനിന്ന് കള്ളന്മാർ കവർന്നത് ലക്ഷങ്ങൾ, ഇരുട്ടിൽ തപ്പി പൊലീസ്
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് തുണിക്കടകളിൽ വൻ കവർച്ച. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവും പഴവങ്ങാടി ഗണപതി ക്ഷേത്രവും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയായ പഴവങ്ങാടിയിലാണ് തുണിക്കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ഇന്നലെ പുലർച്ചെ ഒന്നിനാണ് മോഷണം നടന്നത്. പഴവങ്ങാടിയിലെ നോവൽറ്റി, സൂറത്ത് എന്നീ തുണിക്കടകളിൽ നിന്നാണ് 2.4 ലക്ഷം രൂപ കവർന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുൻ വശത്തു നിന്ന് നോക്കിയാൽ കാണുന്ന ദൂരത്തിലാണ് ഇരുകടളുമുള്ളത്.അതീവ നിരീക്ഷണ സംവിധാനം മറികടന്നാണ് കെടിട്ടത്തിന് മുകളിൽ കയറി സംഘം വിദഗ്ദ്ധമായി കവർച്ച നടത്തിയത്. രണ്ടുപേരാണ് ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നോവൽറ്റിയിൽ നിന്ന് 40,000 രൂപയും സൂറത്തിൽ നിന്ന് രണ്ടുലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. രാവിലെ കടതുറന്ന ജീവനക്കാരാണ് രണ്ടുകടകളുടെയും മേശ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടമയെ അറിയിച്ച് സി.സി ടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. ഉടൻ ഫോർട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.മോഷണവഴി ഇങ്ങനെഅടുത്തടുത്ത തുണിക്കടകളായിരുന്നു നോവൽറ്റിയും സൂറത്തും. രണ്ട് കടയുടെയും ഇടയിൽ കൂടിയുള്ള വിടവിലൂടെ മോഷണ സംഘം ഒരുകടയുടെ ടെറസിന് മുകളിലെത്തി. ടെറസിന് മുകളിൽ നിന്ന് താഴേയ്ക്ക് വരുന്ന കമ്പി കൊണ്ട് നിർമ്മിച്ച വാതിലിന്റെ അടിവശം വളച്ച് മോഷ്ടാക്കൾ അകത്തുകടക്കുകയായിരുന്നു. താഴത്തെ നിലയിലെത്തിയശേഷം മോഷ്ടാക്കൾ പണം സൂക്ഷിച്ചിരുന്ന മേശകുത്തിത്തുറന്നു.ബാങ്ക് അവധിയായതിനാൽ കടയിൽ തന്നെ സൂക്ഷിച്ചിരുന്ന ഞായറാഴ്ചത്തെ കളക്ഷനാണ് മോഷണം പോയത്. മൊബൈൽ ടോർച്ചിലെ വെളിച്ചം ഉപയോഗിച്ചാണ് മോഷ്ടാക്കൾ കടയിൽ തെരച്ചിൽ നടത്തിയത്. അകത്തുവന്ന അതേവഴിയിലൂടെ മോഷ്ടിച്ച തുകയുമായി പുറത്തുകടന്നശേഷം അടുത്തകടയിൽ അതേ മാതൃകയിൽ മോഷണം നടത്തുകയായിരുന്നു. ഒരു കടയിൽ നിന്ന് തുണികളും മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കവർച്ച നടത്തിയത് അന്തർ സംസ്ഥാനമോഷ്ടാക്കളെന്ന് സംശയംതുണിക്കടയിൽ മോഷണം നടത്തിയത് അന്തർ സംസ്ഥാന മോഷണ സംഘങ്ങളാണെന്ന നിഗമനത്തിലാണ് പൊലീസ്. ഉത്തരേന്ത്യൻ മോഷണ സംഘത്തിന്റെ ശൈലിയിലാണ് സംഘം കവർച്ച നടത്തിയത്. മാസ്ക് ധരിച്ചിട്ടില്ലാത്തതിനാൽ മോഷ്ടാക്കളുടെ മുഖം കടയിലെ സി.സി ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോഷ്ടാക്കളുടെ കൃത്യമായ ചിത്രം ലഭിക്കാൻ ആധുനിക സോഫ്റ്റ്വയറിൽ സി.സി ടി വി ദൃശ്യങ്ങൾ അപ്ലോഡ് ചെയ്ത് വ്യക്തത വരുത്തും. ഇതിനുശേഷം രേഖാചിത്രം തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഫോറൻസിക് വിരലടയാള വിദഗ്ദ്ധരെത്തി തെളിവുകൾ ശേഖരിച്ചു.ഞെട്ടലിൽ പൊലീസ്, അന്വേഷണത്തിന്പ്രത്യേക സംഘംനഗര ഹൃദയത്തിലെ അതീവ സുരക്ഷാ മേഖലയിൽ നടന്ന വൻ കവർച്ചയുടെ ഞെട്ടലിലാണ് പൊലീസ്. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കവർച്ച നടന്നത്. ഡി.സി.പി അങ്കിത് അശോകന്റെ മേൽനോട്ടത്തിൽ ഫോർട്ട് എ.സി.പി ഷാജി, ഫോർട്ട് സി.ഐ രാകേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.