ഓപ്പറേഷൻ ഗംഗ; 83 വിമാനങ്ങളിലായി 17,400 പേർ തിരിച്ചെത്തി, രണ്ട് വിമാനങ്ങൾ ഇന്നെത്തും
ന്യൂഡൽഹി: യുക്രെയിനിൽ നിന്നുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്. 83 വിമാനങ്ങളിലായി 17,400 ഇന്ത്യക്കാരെയാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ തിരിച്ചെത്തിച്ചത്. ഇന്ന് രണ്ട് വിമാനങ്ങളിലായി നാനൂറോളം പേർ കൂടി തിരിച്ചെത്തും.സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. സുമിക്ക് തൊട്ടടുത്ത പോൾട്ടോവയിൽ നിന്നു പോയ നാല് ബസുകളിൽ ഒഴിപ്പിക്കൽ തുടങ്ങിയെങ്കിലും വഴിയിൽ സ്ഫോടനങ്ങളുണ്ടായതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.കുട്ടികളോട് താമസ സ്ഥലത്ത് സുരക്ഷിതരായി ഇരിക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. സുമി പ്രതിസന്ധി ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ഇന്ത്യ ഉന്നയിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സുരക്ഷിത ഇടനാഴി ഒരുക്കിയില്ലെന്ന് ഇന്ത്യ രക്ഷാസമിതിയെ അറിയിച്ചിട്ടുണ്ട്.അതേസമയം ഇന്നും നാളെയുമായി ഹംഗറി, റൊമാനിയ അതിർത്തിയിൽ നിന്ന് 3000ത്തോളം ഇന്ത്യക്കാരെ കൂടി മടക്കി കൊണ്ടുവരാൻ കഴിയുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഓപ്പറേഷൻ ഗംഗ ഒഴിപ്പിക്കലിൽ നേരിട്ട് പങ്കെടുത്ത മന്ത്രിമാരായ ഹർദീപ് സിംഗ് പുരിയും ജനറൽ വി.കെ.സിംഗും ഇന്നലെ ഡൽഹിയിൽ തിരിച്ചെത്തിയിരുന്നു.