ലൈംഗിക പീഡന പരാതി; സംവിധായകൻ ലിജു കൃഷ്ണ കുറ്റം സമ്മതിച്ചു, യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
കൊച്ചി: ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ ലിജു കൃഷ്ണ കുറ്റം സമ്മതിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിൽ ലിജു കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയും സംവിധായകനും ഒന്നിച്ചുതാമസിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ. ഇന്നലെയാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന പടവെട്ട് എന്ന സിനിമയുടെ സംവിധായകനാണ് ഇയാൾ.കാക്കനാട് കരിമക്കാട് താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയും സോഫ്റ്റ്വെയർ എൻജിനിയറുമായ യുവതിയാണ് ലിജുവിനെതിരെ പരാതി നൽകിയത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹവാഗ്ദാനം നൽകി 2020 ജൂണിൽ കാക്കനാട് കളക്ടറേറ്റിന് സമീപത്തെ അപ്പാർട്ട്മെന്റിലും, ഡിസംബറിൽ എടത്തലയിലെ ഹോട്ടലിലും 2021 ജൂണിൽ കണ്ണൂരുളള ലിജുവിന്റെ വീട്ടിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.