റഷ്യ നാലിടത്ത് വെടിനിറുത്തൽ പ്രഖ്യാപിച്ചു; കുടുങ്ങിപ്പോയ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വസിക്കാം
കീവ്: യുക്രെയിനിലെ നാലിടങ്ങളിൽ വെടിനിറുത്തൽ പ്രഖ്യാപിച്ച് റഷ്യ. കീവ്, മരിയോപോൾ, ഖർക്കീവ്, സുമി എന്നിവിടങ്ങളിലാണ് വെടിനിറുത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് വെടിനിറുത്തൽ പ്രാബല്യത്തിൽ വരും. യുദ്ധഭൂമിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി റഷ്യ കൈക്കൊണ്ടിരിക്കുന്നത്.മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നയിടമാണ് സുമി. ഈ വെടിനിറുത്തൽ ഏറ്റവുമധികം ആശ്വാസമാകുന്നതും ഇന്ത്യക്കാർക്ക് തന്നെയാകും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ അഭ്യർത്ഥന മാനിച്ചാണ് റഷ്യൻ സൈന്യം വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുള്ളത്.എന്നാൽ, ശനിയാഴ്ച യുക്രെയിനിലെ രണ്ടിടങ്ങളിൽ വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും റഷ്യ ഷെല്ലാക്രമണം തുടർന്നിരുന്നു. അതോടെ, മരിയോപോൾ നഗരത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. വ്യാപകമായ വിമർശനങ്ങൾ ഉയർന്നതോടൊണ് വീണ്ടും വെടിനിർത്തൽ പ്രഖ്യാപനം വന്നത്. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും യുക്രെയിൻ പ്രസിഡന്റ് സെലൻസ്കിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്താൻ സാദ്ധ്യതയുണ്ട്.