ലീഗിനെ ഇനി സാദിഖലി ശിഹാബ് തങ്ങൾ നയിക്കും, തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ
മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾ മുസ്ളിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ. ഇന്നുരാവിലെ പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. രാഷ്ട്രീയകാര്യ സമിതി ചെയർമാനായും തിരഞ്ഞെടുത്തിട്ടുണ്ട്. . മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയാചാര്യനുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കഴിഞ്ഞദിവസം അന്തരിച്ചതിനെ തുടർന്നാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തത്. നിലവിൽ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാണ് സാദിഖലി ശിഹാബ് തങ്ങൾ.ഹൈദരലി തങ്ങളുടെ അനാരോഗ്യത്തെ തുടർന്ന് കുറച്ചുനാളുകളായി സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത് സാദിഖലി തങ്ങളാണ്.ഹൈദരലി തങ്ങളുടെ അനുജനും പാണക്കാട്ടെ കുടുംബത്തിലെ മുതിർന്ന അംഗവുമാണ് 55കാരനായ സാദിഖലി. 2009 മുതൽ മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ സ്ഥാനം വഹിക്കുന്നുണ്ട്. 2000 മുതൽ 2007 വരെ യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.15 വർഷക്കാലം സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ(എസ്.കെ.എസ്.എസ്.എഫ്) സംസ്ഥാന പ്രസിഡന്റുമായിരുന്നു.വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച വൻറാലി പരോക്ഷത്തിൽ സാദിഖലി തങ്ങളിലേക്കുള്ള അധികാര കൈമാറ്റം കൂടിയായി മാറുകയായിരുന്നു. റാലിയുടെ ഉദ്ഘാടകൻ സാദിഖലി തങ്ങളായിരുന്നു.