ഗവർണർ ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാകാതെ കലാമണ്ഡലം വൈസ് ചാൻസിലർ; കാരണം അറിയിച്ച് കത്ത് നൽകി
തിരുവനന്തപുരം: കലാമണ്ഡലത്തിൽ പിആർഒ തസ്തിക നിർത്തലാക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ നേരിട്ടറിയിക്കാനുളള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശം പാലിക്കാതെ കലാമണ്ഡലം വൈസ് ചാൻസിലർ ടി.കെ നാരായണൻ. പിആർഒ കേസിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്ന സാഹചര്യത്തിൽ നേരിട്ട് ഹാജരാകുന്നത് കോടതിയലക്ഷ്യമാകുമെന്ന് കാണിച്ചാണ് വി.സിയായ ടി.കെ നാരായണൻ ഇന്ന് ഹാജരാകാതിരുന്നത്. ഇക്കാര്യം വ്യക്തമാക്കി വി.സി ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്.പിആർഒ ആയിരുന്ന ഗോപീകൃഷ്ണനെ മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന വി.സി കലാമണ്ഡലത്തിലെ പിആർഒ തസ്തിക തന്നെ നിർത്തലാക്കാൻ തീരുമാനിച്ചു. ഇക്കാര്യം അറിയിച്ച് വി.സി സർക്കാരിന് കത്ത് നൽകി. ഇതോടെയാണ് ഗവർണർ നേരിട്ട് ഹാജരാകാൻ വി.സിയോട് ആവശ്യപ്പെട്ടത്. മുൻപ് ഗവർണർക്കെതിരെ ഹൈക്കോടതിയിൽ വി.സി കേസ് നൽകിയിരുന്നു. വിവാദം തണുപ്പിക്കാൻ സർക്കാർ ഇടപെട്ടാണ് കേസ് പിൻവലിച്ചത്.