ഗീതുമോഹൻദാസ്, പാർവതി എന്നിവർ കമ്മിഷണർക്ക് മൊഴി നൽകി, ലൈംഗികപീഡനപരാതിയിൽ സംവിധായകൻ അറസ്റ്റിൽ
തൃക്കാക്കര: ലൈംഗികപീഡന പരാതിയെത്തുടർന്ന് യുവസംവിധായകൻ ലിജുകൃഷ്ണയെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്തു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമായ പടവെട്ട് സംവിധാനം ചെയ്യുന്നത് ലിജുവാണ്. ഈ സിനിമയുടെ കണ്ണൂർ മട്ടന്നൂരിലെ ലെക്കേഷനിൽനിന്നാണ് ലിജുവിനെ കസ്റ്റഡിയിൽ എടുത്തത്.ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടാണ് കാക്കനാട് കരിമക്കാട് താമസിക്കുന്ന കൊട്ടാരക്കര സ്വദേശിയും സോഫ്റ്റ്വെയർ എൻജിനിയറുമായ യുവതി ലിജുവുമായി അടുക്കുന്നത്. വിവാഹവാഗ്ദാനം നൽകി 2020 ജൂണിൽ കാക്കനാട് കളക്ടറേറ്റിന് സമീപത്തെ അപ്പാർട്ട്മെന്റിലും ഡിസംബറിൽ എടത്തലയിലെ ഹോട്ടലിലും 2021 ജൂണിൽ കണ്ണൂരുളള ലിജുവിന്റെ വീട്ടിലും വച്ച് പീഡിപ്പിച്ചതായി യുവതി വനിതാ അഭിനേതാക്കളുടെ സംഘടനയായ ഡബ്ല്യു.സി.സി ക്ക് കൊടുത്ത പരാതിയിൽ പറയുന്നു. പരാതി ഡബ്ല്യു.സി.സി കമ്മിഷണർക്ക് കൈമാറി. ഡബ്ള്യു.സി.സി ഭാരവാഹികളായ ഗീതു മോഹൻദാസ്, പാർവതി എന്നിവരുടെ മൊഴി ഇൻഫോപാർക്ക് പൊലീസ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സണ്ണി വെയിൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് പടവെട്ട്. മലബാറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണം പൂർത്തിയായി. കൊവിഡ് പ്രതിസന്ധിയിൽ ഏറെനാൾ മുടങ്ങിയ ചിത്രീകരണം അടുത്തിടെയാണ് പുനരാരംഭിച്ചത്. സംവിധായകന്റെ അറസ്റ്റോടെ ചിത്രീകരണം പ്രതിസന്ധിയിലായി.