പ്രധാനമന്ത്രിയുടെ മണ്ഡലത്തിലുൾപ്പടെ ഇന്ന് ജനവിധി; യു പിയിൽ ഏഴാം ഘട്ട പോളിംഗ് ആരംഭിച്ചു
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന സ്ഥലങ്ങളിലുൾപ്പടെ ഉത്തർപ്രദേശിലെ 54 നിയമസഭാ മണ്ഡലങ്ങളിൽ ജനങ്ങൾ വിധിയെഴുതി തുടങ്ങി. രാവിലെ ഏഴ് മണിക്ക് വോട്ടിംഗ് ആരംഭിച്ചു. വാരണാസി, എസ്.പി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ അസംഗഡ് ഉൾപ്പടെ മണ്ഡലങ്ങളിൽ ഇന്ന് നിർണായക വോട്ടിംഗ്.ഒൻപത് ജില്ലകളിലായുളള 54 മണ്ഡലങ്ങളിൽ ആകെ 613 സ്ഥാനാർത്ഥികളുണ്ട്. ഏഴ് ഘട്ടമായി ഹൈവോൾട്ടേജ് പ്രചാരണമാണ് വിവിധ പാർട്ടികൾ യു.പിയിൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയും അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ്വാദി പാർട്ടിയുമാണ് മുഖ്യമായും ഏറ്റുമുട്ടുന്നത്. ഇരുപാർട്ടികൾക്കും തിരഞ്ഞെടുപ്പ് നിർണായകമാണ്.സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന സീറ്റുകളാണ് ഏഴാം ഘട്ടത്തിൽ അധികവും. എന്നാൽ 2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യം ഇവിടെ 29 സീറ്റുകൾ നേടിയിരുന്നു. ഇതിൽ അപ്നാ ദളിന് നാലും എസ്.ബി.എസ്.പിക്ക് മൂന്നും സീറ്റുകളാണ് ലഭിച്ചത്. ബി.എസ്.പി ആറ് സീറ്റും സമാജ് വാദി പാർട്ടിക്ക് 11സീറ്റും ലഭിച്ചു.