തമ്പാനൂർ കൊലപാതകം; പ്രവീൺ എത്തിയത് കൊല്ലാൻ ഉറച്ചുതന്നെ, ഒരുമിച്ച് മരിക്കാമെന്ന് ഗായത്രിയെ വിശ്വസിപ്പിച്ചു
തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രവീൺ എത്തിയത് ഗായത്രിയെ കൊല്ലാൻ ഉറപ്പിച്ച് തന്നെയെന്ന് വിവരം. ഒരുമിച്ച് മരിക്കാമെന്ന് ഗായത്രിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിന്ശേഷം ഷാൾ മുറുക്കി ഗായത്രിയെ കൊല്ലുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രവീണിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ ഗായത്രിയുമായുളള ബന്ധം രഹസ്യമായി തുടരാനാണ് ശ്രമിച്ചത്. എന്നാൽ ഇത് ഗായത്രി എതിർത്തതോടെ ഭാര്യയുമായി ബന്ധം ഉപേക്ഷിക്കുമെന്ന് അറിയിച്ചു. പക്ഷെ വിവാഹത്തിന് പ്രവീൺ തയ്യാറായില്ല. മകളെ ശല്യം ചെയ്യരുതെന്ന് പ്രവീണിനോട് ആവശ്യപ്പെട്ടിരുന്നതായി ഗായത്രിയുടെ അമ്മ പറഞ്ഞു. എന്നാൽ ഇത് ഇയാൾ കേട്ടില്ല.ഗായത്രിയെ വിശ്വസിപ്പിക്കാൻ 2021 ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ പളളിയിൽവച്ച് താലികെട്ടി. ഇതിന്റെ ചിത്രങ്ങൾ ഗായത്രി സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തു. ഇതിനിടെ പ്രവീണിന് തമിഴ്നാട്ടിലേക്ക് ജോലി സ്ഥലംമാറ്റം ഉണ്ടായി. ഇതോടെ താനും ഒപ്പംവരുമെന്ന് ഗായത്രി വാശിപിടിച്ചു. ഇക്കാര്യത്തിൽ ഗായത്രിയെ പറഞ്ഞുമനസിലാക്കാൻ എന്ന പേരിലാണ് തമ്പാനൂരെ ഹോട്ടലിലേക്ക് പ്രവീൺ വിളിച്ചുവരുത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പ്രവീൺ ഷാൾ മുറുക്കി ഗായത്രിയെ കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഗായത്രിയുടെ ഫോണുമായി കടന്ന പ്രവീൺ ഈ ഫോണിൽ ഹോട്ടലിലേക്ക് വിളിച്ചാണ് ഗായത്രിയുടെ മരണവിവരം അറിയിച്ചത്.