ഉത്സവത്തിന് പോകുമ്പോൾ സേഫ്റ്റി പിൻ നിർബന്ധമായും കരുതണം, പൊലീസിന്റെ പുതിയ ഉപദേശം ഇങ്ങനെ
കോലഞ്ചേരി: ഉത്സവ സീസണായതോടെ ഉത്സവ കള്ളന്മാർ ഇറങ്ങി. ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. ചുട്ടുപൊള്ളുന്ന പകലിനെ തുടർന്ന് രാത്രിയുണ്ടാകുന്ന ചൂടിൽ ജനലുകൾ തുറന്നിട്ടുറങ്ങുന്നത് മുതലാക്കി നടത്തുന്ന മോഷണങ്ങളും പതിവായിട്ടുണ്ട്. അല്പം ശ്രദ്ധിച്ചാൽ മോഷണം തടയാമെന്ന് കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ വി.ടി.ഷാജൻ പറഞ്ഞു.സൂക്ഷിക്കണം:വീട് പൂട്ടി പോകുന്നതിനു മുമ്പ് വാതിലുകളും ജനലുകളും ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പണവും ആഭരണങ്ങളും അലമാരയിൽ അല്ലാതെ വിവിധ സ്ഥലങ്ങളിലായി ഒളിച്ചു സൂക്ഷിക്കുക. പൊതു ഇടങ്ങളിൽ പോകുമ്പോൾ ധരിക്കുന്ന സ്വർണ്ണ മാല വസ്ത്രവുമായി ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് ബന്ധിപ്പിക്കുക. പിന്നിൽ നിന്നും മാല പൊട്ടിക്കുന്നത് ഇതുവഴി തടയാനാകും.ചെറിയകുട്ടികൾക്ക് ആഭരണങ്ങൾ ധരിപ്പിക്കരുത്. വീട്ടിൽ വിലപിടിപ്പുള്ള വസ്തുക്കൾ കൂടുതലുണ്ടെങ്കിൽ എല്ലാവരുംകൂടി ഒരേസമയം വീട് വിട്ട് പോകാതിരിക്കുക. അയൽവാസികളോട് വീട് ശ്രദ്ധിക്കുന്ന കാര്യം പറഞ്ഞേൽപ്പിക്കുക. വീടിന് പുറത്ത് മുൻവശത്തും പുറകുവശത്തും രാത്രിയിൽ ലൈറ്റ് തെളിച്ചിടുക. പ്രായമായവരെയും കുട്ടികളേയും വീട്ടിലാക്കി പോകുമ്പോൾ,അപരിചിതർ വന്നാൽ വാതിൽ തുറക്കരുതെന്ന് പറയുക. രക്ഷാകർത്താക്കളുമായി സംസാരിച്ചശേഷം വാതിൽ തുറക്കുക. വീട്ടിൽ വരുന്ന അപരിചിതരോട് ജനലിലൂടെ മാത്രം സംസാരിക്കുക വീട്ടിൽ വരുന്ന അപരിചിതരുടെ ഫോട്ടോ മൊബൈൽ ഫോണിൽ എടുക്കുന്നത് ശീലമാക്കുക.