ഇന്നലെ രാത്രി മുതൽ വെളളവും വെളിച്ചവുമില്ല, ഇങ്ങനെ തുടർന്നാൽ ഞങ്ങൾ മരിച്ചുപോകും, മോദിജീ രക്ഷിക്കൂ’; കേന്ദ്ര സഹായം തേടി യുക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ
കീവ്: നാളുകളായി രക്ഷപ്പെടാനാകാതെ കുടുങ്ങിയിരിക്കുന്ന തങ്ങളെ കേന്ദ്ര സർക്കാർ രക്ഷിക്കണമെന്ന് അപേക്ഷയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ. യുക്രെയിനിൽ നിന്നുളള വീഡിയോയിൽ രക്ഷപ്പെടാൻ എത്തേണ്ട ഖാർകീവിലേക്ക് തങ്ങളുളള സ്ഥലത്ത് നിന്നും നാല്-അഞ്ച് മണിക്കൂർ നീണ്ട യാത്ര വേണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഖാർകീവിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോകാൻ വീണ്ടും 10 മണിക്കൂറോളം നീണ്ടുനിൽക്കുന്ന യാത്രയുണ്ട്.തലേദിവസം കനത്ത പോരാട്ടം നടന്ന ഇവിടെ ബോംബ് സ്ഫോടനവും ഷെല്ലിംഗും നടന്നതായി വിദ്യാർത്ഥികൾ വീഡിയോ സന്ദേശത്തിൽ പറയുന്നു. പുറത്തിറങ്ങാൻ കഴിയില്ല. ട്രെയിനിൽ അതിർത്തിയിലേക്ക് മടങ്ങാൻ ആവശ്യമായ ഖാർകീവിലേക്ക് വീഡിയോ ചിത്രീകരിച്ചിടത്ത് നിന്നും ഏറെ ദൂരം പോകേണ്ടതുണ്ട്. പുറത്ത് കടുത്ത മഞ്ഞും. ഇടയ്ക്കിടെ തോക്കുമായി സൈനികരും നിലയുറപ്പിച്ചിരിക്കുകയാണ്. തലേന്നത്തെ പോരാട്ടത്തിലെ സ്ഫോടന ശേഷം വൈദ്യുതിയും വെളളവും നിന്നു. ലഘുവായ ആവശ്യങ്ങൾക്ക് പോലും വെളളമില്ലാത്ത അവസ്ഥയുണ്ടെന്ന് വിദ്യാർത്ഥികൾ സൂചിപ്പിച്ചു.റഷ്യൻ അതിർത്തിയിലേക്ക് എത്താനാണ് സർക്കാർ അറിയിച്ചത്. എന്നാൽ മണിക്കൂറുകളുടെ യാത്രയാണ് ഇവിടെ നിന്നും അവിടേക്ക് വേണ്ടത്. അതുവരെ വാഹനം ലഭ്യമല്ല. അതിർത്തിയിലെത്താൻ കേന്ദ്ര സർക്കാർ ഇടപെട്ട് ബസ് ഏർപ്പെടുത്തണമെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇതുവരെയായും കേന്ദ്രത്തിന്റെ ഒരു സഹായം തങ്ങൾക്ക് ലഭിച്ചില്ലെന്നും ആരും തങ്ങളുടെ സുരക്ഷയെക്കുറിച്ച് ചോദിച്ചില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇങ്ങനെ പോയാൽ തങ്ങൾ മരിച്ചുപോകുമെന്നും പ്രധാനമന്ത്രി രക്ഷിക്കണമെന്നും അവർ അഭ്യർത്ഥിക്കുന്നു.