മുഹമ്മദ് റിയാസും എം സ്വരാജും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക്; ആകെ എട്ട് പുതുമുഖങ്ങൾ
കൊച്ചി: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, എം.സ്വരാജ് എന്നിവരടക്കം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുനിര. മന്ത്രിമാരായ വി.എൻ വാസവൻ, സജി ചെറിയാൻ എന്നിവരും മുൻ എംഎൽഎ കെ.കെ ജയചന്ദ്രൻ, പി.കെ ബിജു, ആനാവൂർ നാഗപ്പൻ എന്നിവരും ആദ്യമായി സംസ്ഥാന സെക്രട്ടേറിയേറ്റിലെത്തി.89 അംഗ സംസ്ഥാന സമിതിയെയും തിരഞ്ഞെടുത്തു. ഇതിൽ 16 പുതുമുഖങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പുതിയ സംസ്ഥാന സമിതിയിൽ ഇളവുളളത്. മുൻമന്ത്രിമാരായ ജി.സുധാകരൻ, എം.എം മണി, മുതിർന്ന നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, കോലിയക്കോട് കൃഷ്ണൻ നായർ എന്നിവരടക്കം 75 വയസ് പിന്നിട്ട പ്രമുഖ നേതാക്കളെയെല്ലാം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ആകെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ മൂന്നാം തവണ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനാറംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഇത്തവണ അംഗങ്ങളുടെ എണ്ണം 17 ആയി ഉയർത്തി.