ബ്രിട്ടാസ് സിപിഎം സംസ്ഥാന സമിതിയിലേക്ക്, ഒപ്പം ചിന്താ ജെറോമും എ എ റഹീമും
കൊച്ചി: മുതിർന്ന നേതാക്കൾ ഒഴിവാക്കപ്പെടുന്നതിന് പുറമേ കൂടുതൽ യുവനേതാക്കളെ സിപിഎം സംസ്ഥാന സമിതിയിലേക്ക് ഉൾപ്പെടുത്തിയതായി സൂചന. ജോൺ ബ്രിട്ടാസ്, എ.എ റഹീം, ചിന്താ ജെറോം, വി.പി സാനു എന്നീ യുവനേതാക്കളും പനോളി വത്സനും സംസ്ഥാന സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐ അഖിലേന്ത്യാ അദ്ധ്യക്ഷനാണ് എ.എ റഹീം, സംസ്ഥാന യുവജന ക്ഷേമ ഉപാദ്ധ്യക്ഷയാണ് ചിന്ത. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാണ് വി.പി സാനു. കർഷക സംഘം സംസ്ഥാന സെക്രട്ടറിയാണ് കണ്ണൂർ സ്വദേശിയായ പനോളി വത്സൻ. കണ്ണൂർ ജില്ല മുൻ സെക്രട്ടറിയായിരുന്ന പി.ശശിയെയും സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തു.സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മന്ത്രിമാരായ വി.എൻ വാസവൻ, സജി ചെറിയാൻ എന്നിവരെയും ഒപ്പം മുൻ എംഎൽഎമാരായ രാജു എബ്രഹാം, എം.സ്വരാജ് എന്നിവരെയും കെ. അനിൽ കുമാറിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന സമിതിയിൽ നിന്നും ജി.സുധാകരൻ, ആനത്തലവട്ടം ആനന്ദൻ എന്നിവരടക്കം 75 വയസ് പിന്നിട്ട മുതിർന്ന നേതാക്കളെ ഒഴിവാക്കിയിരുന്നു.