ഓൺ ദ സ്പോട്ട് ലൈസൻസ് സസ്പെൻഷനാ… പുതിയ നിയമപ്രകാരം ഫൈൻ അടിച്ചാൽ തീരുന്നതല്ല ഇത്, മലപ്പുറത്ത് ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവത്തിൽ ഉടൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം ബസിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ കർശന നടപടിയെടുത്ത് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കെതിരെയാണ് നടപടി എടുത്തത്. ഇന്നലെ രാവിലെ 8.30ഓടെ തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി.അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം.വി.ഐ എം.കെ.പ്രമോദ് ശങ്കർ ബസ് കക്കാട് വച്ച് പരിശോധിക്കുകയും അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എം.വി.ഐയുടെ പരിശോധനയുടെ വീഡിയോയും വൈറലാണ്.ഡ്രൈവർ ചെയ്ത ഗുരുതരമായ കുറ്റം ഉദ്യോഗസ്ഥൻ വിവരിക്കുന്നുണ്ട്. “ഇത് സ്ഥിരമായിട്ടുള്ള പരാതിയാണ്, നാളത്തെ വാഗ്ദ്ധാനങ്ങളാണ് കുട്ടികൾ, ഈ സാഹചര്യം വലിയ അപകടത്തിലേക്കും മരണത്തിലേക്കും ആവാമായിരുന്നു, അതിനാൽ അപകടകരമായി ഡ്രൈവ് ചെയ്ത വിഭാഗത്തിലാണ് ഡ്രൈവറുടെ പ്രവർത്തി ഉൾപ്പെടുന്നത്. ഈ കുറ്റം പുതിയ നിയമപ്രകാരം ഫൈൻ അടിച്ചാൽ തീരുന്നതല്ല, പകരം കോടതിയിൽ പ്രോസിക്യൂട്ട് ചെയ്യണം. ഇതിനായി അടിയന്തരമായി ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുക്കും, പിന്നീട് അയാൾക്ക് വാഹനം ഓടിക്കുവാൻ കഴിയുകയില്ലെന്നും” മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.വിദ്യാർത്ഥിനി ബസിൽ നിന്നു തെറിച്ചുവീണ സിസി ടിവി ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ രാവിലെയും വൈകിട്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ പരിസരങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.