വാർത്തകൾ കെട്ടിച്ചമച്ചതാണ്, എന്റെ നിരപരാധിത്വം കോടതിയിൽ തെളിയും; വിസ്മയ കേസ് പ്രതി കിരൺകുമാർ
കൊല്ലം: വിസ്മയ കേസിൽ താൻ നിരപരാധിയാണെന്ന് പ്രതി കിരൺകുമാർ. സ്ത്രീധന പീഡനം എന്ന വാർത്തകൾ കെട്ടിച്ചമച്ചതാണ് തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും കിരൺ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കിരൺ വ്യക്തമാക്കി.രണ്ട് ദിവസം മുമ്പാണ് വിസ്മയ കേസ് പ്രതി കിരൺ കുമാറിന് സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കൗൾ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് കിരൺകുമാർ സുപ്രീം കോടതിയെ സമീപിച്ചത്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.