മൂന്ന് സഹോദരിമാരും ഒരുമിച്ച് അഭ്യർത്ഥിച്ചു, മൂവരെയും വിവാഹം കഴിച്ച് യുവാവ്
വിവാഹം കഴിക്കണമെന്ന് മൂന്ന് സഹോദരിമാരും അഭ്യർത്ഥിച്ചതോടെ മൂവരെയും വിവാഹം കഴിച്ച് യുവാവ്. മൂവരെയും നിരാശപ്പെടുത്താനാകില്ലെന്ന് തിരുമാനിച്ചാണ് യുവാവിന്റെ വിചിത്രമായ നടപടി. കോംഗോ റിപ്പബ്ലിക്കിൽ നിന്നാണ് ഇത്തരമൊരു രസകരമായ വാർത്ത വരുന്നത്. ലുവിസോ എന്ന യുവാവ് നതാലി എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. നതാലിയുടെ മറ്റ് രണ്ട് സഹോദരിമാർ കൂടി ലുവിസോയോട് പ്രണയാഭ്യർത്ഥന നടത്തിയതോടെ ഇത് നിഷേധിക്കാതെ മൂന്ന് പേരെയും ഇയാൾ വിവാഹം കഴിക്കുകയായിരുന്നു. നതാലിയും നടാഷയും നദെഗെയും ഒരേ ദിവസം ഒരേ സമയത്ത് ജനിച്ചവരാണ്.
നതാലിയെ കാണാൻ ലുവിസോ വീട്ടിലെത്തുകയും സഹോദരിമാരെ നതാലി പരിചയപ്പെടുത്തുകയും ചെയ്തതോടെയാണ് ഇത്തരമൊരു വിവാഹത്തിലേക്ക് എത്തിയത്. ആദ്യം ലുവിസോ അൽപ്പമൊന്ന് ഞെട്ടി. തലകറങ്ങി എന്നാണ് വിവാഹാഭ്യർത്ഥന സമയത്തെ കുറിച്ച് ഈ യുവാവ് പറയുന്നത്. സ്വപ്നം കാണുന്നതാണോ എന്ന് പോലും വിചാരിച്ചുവെന്നും പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖ്തതിൽ ലുവിസോ പറയുന്നു.
നിഷേധിച്ചാൽ സുന്ദരിമാർക്ക് വിഷമമാകുമെന്ന് കരുതി മൂന്ന് പേരോടും ലുവിസോ ഒക്കെ പറഞ്ഞു. ഇതോടെ മൂന്ന് പേർക്കുമൊപ്പം വിവാഹവും നടന്നു. ഒന്നിലധികം ജീവിത പങ്കാളികൾ ഉണ്ടാകുന്നത് ഇവിടെ നിയമവിധേയമാണ്. എന്നാൽ മകന്റെ ഈ വിചിത്ര തീരുമാനം ലുവിസോയുടെ കുടുംബത്തിന് ഇഷ്ടമായില്ല. അതുകൊണ്ടുതന്നെ കുടുംബം വിവാഹത്തിൽ നിന്ന് വിട്ടുനിന്നു.
വിവാഹത്തിലൂടെ വേർപിരിഞ്ഞ് പോകരുതെന്നായിരുന്നു ഞങ്ങൾ സഹോദരിമാരുടെ ആഗ്രഹം, അത് സാധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ ഈ നിമിഷം അതീവ സന്തോഷത്തിലാണ് – മൂന്ന് വധുക്കളും പ്രതികരിച്ചു. മറ്റുള്ളവരെന്ത് കരുതുമെന്ന് താൻ നോക്കുന്നില്ലെന്നും പ്രണയത്തിന് അതിരുകളില്ലെന്നും ലുവിസോയും കൂട്ടിച്ചേർത്തു.