ന്യൂ ദൽഹി : ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇതുവരെ നൂറിലേറെ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും വിദ്യാര്‍ഥികളടക്കമുള്ള പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടി തുടരുകയാണ്. ഡെല്‍ഹിയിലെ ചില ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
നിരോധനാജ്ഞ അവഗണിച്ച് ബെംഗളൂരുവില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് നേരത്തെ വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ പ്രതിഷേധത്തിനായി മണ്ഡി ഹൗസിലേക്കെത്തുന്ന വിദ്യാര്‍ഥികളോട് പിരിഞ്ഞ് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്ത പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. പ്രക്ഷോഭം തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷനുകളാണ് അടച്ചത്. പ്രതിഷേധക്കാരെ തടയാന്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയതോടെ ഡല്‍ഹിയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.