അന്ധയാക്കാനായി വൃദ്ധയുടെ കണ്ണിലൊഴിച്ചത് ഹാർപിക്, വേലക്കാരി മോഷണത്തിനെത്തിയത് ഏഴുവയസുകാരി മകൾക്കൊപ്പം, കവർന്നത് ലക്ഷങ്ങളുടെ സ്വർണം
ഹൈദരാബാദ്: വൃദ്ധയുടെ കണ്ണിൽ ഹാർപിക് ഒഴിച്ച് അന്ധയാക്കിയശേഷം വീടുകൊള്ളയടിച്ച ജോലിക്കാരിയെ പൊലീസ് അറസ്റ്റുചെയ്തു. സെക്കന്ദരാബാദിലെ നചരാം കോംപ്ലക്സിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 73കാരിയായ ഹേമാവതിയാണ് വേലക്കാരിയുടെ ക്രൂരതയ്ക്കിരയായത്. പണവും സ്വർണവുമാണ് പ്രധാനമായും നഷ്ടപ്പെട്ടത്.ഹേമാവതിയുടെ മകൻ വർഷങ്ങളായി ലണ്ടനിലാണ് താമസം. ഇതിനെത്തുടർന്നാണ് 32കാരിയായ ഭാർഗവിയെ അമ്മയെ നോക്കാനും വീട്ടുജോലിചെയ്യാനുമായി നിയമിച്ചത്. ഇതോടെ ഭാർഗവി ഏഴുവയസുകാരിയായ മകൾക്കൊപ്പം ഹേമാവതിയുടെ ഫ്ളാറ്റിലേക്ക് താമസം മാറ്റി. ഫ്ളാറ്റിൽ വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ടെന്ന് മനസിലാക്കിയ ഭാർഗവി അവ അടിച്ചുമാറ്റാൻ അവസരം പാർത്തിരുന്നു. അടുത്തിടെ കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെട്ട ഹേമാവതി എന്തെങ്കിലും മരുന്ന് ഒഴിച്ചുതരാൻ ഭാർഗവിയോട് ആവശ്യപ്പെട്ടു. പറ്റിയ അവസരം ലഭിച്ച അവർ ടോയ്ലറ്റ് വൃത്തിയാക്കുന്ന ഹാർപ്പിക്കും സന്ദുബാമും വെള്ളത്തിൽ കലക്കി കണ്ണിലൊഴിച്ചുകൊടുത്തു. കുറച്ചുദിവസങ്ങൾ കഴിഞ്ഞതോടെ കണ്ണിൽ അണുബാധയായി. ഇത് മാറ്റാനെന്ന് വിശ്വസിപ്പിച്ച് ഹാർപിക്ക് കലക്കിയ വെള്ളം കണ്ണിലൊഴിച്ചുകൊണ്ടേയിരുന്നു.തീരെ കാഴ്ചയില്ലാത്ത അവസ്ഥ എത്തിയതോടെ വൃദ്ധ മകനോട് സംഭവം പറഞ്ഞു. നാട്ടിലെത്തിയ മകൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അണുബാധയുടെയും കാഴ്ച നഷ്ടപ്പെട്ടതിന്റെയും കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വിശദ പരിശോധനയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനിലാണ് കണ്ണിൽ വിഷദ്രാവകം വീണിട്ടുണ്ടെന്ന് വ്യക്തമായത്. വേലക്കാരി കണ്ണിൽ മരുന്നൊഴിച്ചെന്നും വൃദ്ധ മകനോട് പറഞ്ഞു. ഇതോടെ ഭാർഗവിയെ സംശയമായി. പൊലീസ് ചോദ്യംചെയ്തതോടെ നടന്ന സംഭവങ്ങൾ എല്ലാം അവർ വിശദമായി പറഞ്ഞു.പലപ്പോഴായി 40000 രൂപയും നിരവധി സ്വർണവളകളും ഒരു സ്വർണമാലയും മോഷ്ടിച്ചുവെന്നാണ് ജോലിക്കാരി പൊലീസിനോട് സമ്മതിച്ചത്. എന്നാൽ പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. മോഷണത്തിന് പിന്നിൽ മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.