ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റോഡ്നി മാർഷ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓസീസ് കീപ്പർമാരിലൊരാൾ
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റോഡ്നി മാർഷ് അന്തരിച്ചു. കഴിഞ്ഞയാഴ്ച ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ ഹൃദയാഘാതം നേരിട്ടതിനെ തുടർന്ന് കോമ അവസ്ഥയിലായിരുന്നു. വെളളിയാഴ്ച പുലർച്ചെയോടെയായിരുന്നു വിടവാങ്ങൽ. ഓസ്ട്രേലിയൻ ചരിത്രത്തിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാളാണ് മാർഷ്. 96 ടെസ്റ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച അദ്ദേഹം 13 വർഷം നീണ്ടുനിന്ന കരിയറിനുടമയാണ്. ഇയാൻ ചാപ്പൽ നായകനായ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു റോഡ്നി മാർഷ്.1970ൽ ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ച മാർഷ് 1984ൽ വിരമിച്ചു. അക്കാലത്തെ മികച്ച പേസ് ബൗളറായ ഡെന്നീസ് ലില്ലിയുടെ നിരവധി വിക്കറ്റുകൾ കീപ്പറായ മാർഷിന്റെ ക്യാച്ചുകളിലൂടെയാണ് ഉണ്ടായത്. 95 തവണയാണ് ഇത്തരത്തിൽ ലില്ലിയ്ക്കായി മാത്രം മാർഷ് ക്യാച്ചെടുത്തത്. 355 പുറത്താക്കലുകളാണ് സ്റ്റമ്പിംഗിലൂടെയും ക്യാച്ചിലൂടെയും മാർഷ് നേടിയത്. 1981ൽ കുപ്രസിദ്ധമായ അണ്ടർ ആം ബൗളിംഗ് സംഭവത്തിന്റെ സമയത്ത് ടീം വിക്കറ്റ് കീപ്പർ മാർഷ് ആയിരുന്നു. അന്ന് നായകനായ ഗ്രേ ചാപ്പൽ അനുജനായ ട്രെവർ ചാപ്പലിനോട് ന്യൂസിലാന്റിനെതിരായി വിജയിക്കാൻ അണ്ടർ ആം ബൗളിംഗിന് നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനത്തിൽ വളരെ അതൃപ്തനായിരുന്നു അന്ന് റോഡ്നി മാർഷ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായും 2005ൽ ആഷസ് ജയിച്ച ഇംഗ്ളണ്ട് ദേശീയ ടീമിന്റെ സെലക്ടറായും റോഡ്നി മാർഷ് പ്രവർത്തിച്ചിട്ടുണ്ട്.