റഷ്യൻ മിസൈൽ പതിച്ചത് ബംഗ്ലാദേശ് ചരക്കുകപ്പലിൽ, ഒരാൾ മരിച്ചു
കീവ്: യുക്രെയിനിലേക്ക് റഷ്യ തൊടുത്തുവിട്ട മിസൈൽ കപ്പലിൽ പതിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ചരക്കുകപ്പലിലെ ജീവനക്കാരൻ മരിച്ചു. യുക്രെയിനിലെ വടക്കൻ കരിങ്കടൽ തുറമുഖമായ ഓൾവിയയിൽ നങ്കൂരമിട്ടിരുന്ന ബൾക്ക് കാരിയറായ എംവി ബംഗ്ലർ സമൃദ്ധി എന്ന കപ്പലിലാണ് മിസൈൽ പതിച്ചത് . 2018ൽ നിർമ്മിച്ച കപ്പലിന്റെ മുൻഭാഗത്താണ് മിസൈൽ പതിച്ചത്. കപ്പലിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്.കപ്പലിൽ മിസൈൽ പതിച്ച വിവരം യുക്രെയിൻ തുറമുഖങ്ങളുടെ അഡ്മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. കപ്പലിൽ മിസൈൽ പതിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.എന്നാൽ സംഭവത്തിൽ റഷ്യയോ,ബംഗ്ളാദേശോ ഇതുവരെ പ്രതികരിച്ചിട്ടില്ല
യുക്രെയിനിലെ റഷ്യൻ അധിനിവേശം കരിങ്കടലിലെ കപ്പലുകൾക്കും നാവികർക്കും അപകടസാദ്ധ്യത വർദ്ധിപ്പിച്ചേക്കുമെന്ന് നേരത്തേ ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. റഷ്യൻ അധിനിവേശം തുടങ്ങിയശേഷം കുറഞ്ഞത് രണ്ടുകപ്പലുകളിലെങ്കിലും റഷ്യൻ സേനയുടെ ഷെല്ലുകൾ പതിച്ചിട്ടുണ്ട്. ഷെല്ലുകൾ പതിച്ച് യുക്രെയിനിൽ മെഡിസിൻ പഠിക്കാനെത്തിയ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്കും ജീവഹാനി സംഭവിച്ചിട്ടുണ്ട്.