ഖാർക്കീവിൽ എണ്ണ സംഭരണ കേന്ദ്രത്തിൽ റഷ്യൻ ആക്രമണം; തീ ആളിപ്പടരുന്നു
കീവ്: യുക്രെയിനിൽ എട്ടാം ദിവസവും റഷ്യൻ ആക്രമണം ശക്തമാവുകയാണ്. ഖാർക്കീവിൽ വീണ്ടും വ്യോമാക്രമണം രൂക്ഷമാകുന്നു. ചെർണിഹിവിലെ എണ്ണസംഭരണ കേന്ദ്രത്തിൽ ഷെല്ലാക്രമണത്തെത്തുടർന്ന് വൻ തീപിടുത്തം ഉണ്ടായിരിക്കുകയാണ്. പ്രധാനമായും ഇന്ധന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് റഷ്യ ബോംബാക്രമണം നടത്തിയിരുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ എണ്ണസംഭരണ കേന്ദ്രത്തിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി പേരാണ് റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമേരിക്ക നൽകുന്ന മുന്നറിയിപ്പ് പ്രകാരം കൂടുതൽ ജനവാസ മേഖല ലക്ഷ്യം വച്ചാണ് റഷ്യ നീങ്ങുന്നത്. ഇന്ന് രാവിലെയും വിവിധ ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടന്നിരുന്നു. അതേസമയം യുക്രെയിൻ-റഷ്യ രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് ബെലാറൂസ് പോളിഷ് അതിർത്തിയിൽ വച്ച് നടക്കും. യുക്രെയിനിൽ നിന്നും റഷ്യ പിന്മാറണമെന്ന പ്രമേയം കഴിഞ്ഞ ദിവസം യുഎൻ പൊതുസഭ വൻ ഭൂരിപക്ഷത്തിൽ പാസാക്കിയിരുന്നു. ഇന്ത്യ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല.