എനിക്ക് വീട്ടിൽപ്പോകണം, അമ്മയെയും അച്ഛനെയും കണ്ടേ പറ്റൂ; കരഞ്ഞുവിളിച്ച് റഷ്യൻ സൈനികർ, പിടിയിലായവരോട് യുക്രെയിൻകാർ ചെയ്യുന്നത് ഇതുവരെയില്ലാത്ത രീതികൾ
കീവ്: എനിക്ക് വീട്ടിൽപ്പോകണം, അമ്മയെയും അച്ഛനെയും കണ്ടേ പറ്റൂ , ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി… യുക്രെയിനിന്റെ പിടിയിലായ ഒരു റഷ്യൻ സൈനികന്റെ നിലവിളിയാണിത്. യുദ്ധഭൂമിയിൽ നിന്ന് പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇരുപതുവയസുപോലും ആകാത്ത റഷ്യൻ സൈനികൻ വിങ്ങിപ്പൊട്ടിയത്. കൊല്ലരുതെന്നും വേദനിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് യുക്രെയിൻ സൈനികരുടെ കാലുപിടിച്ചു കരയുന്ന റഷ്യൻ സൈനികരുമുണ്ട്. ഇവരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.പരിശീലനത്തിന് അയയ്ക്കുകയാണെന്ന് പറഞ്ഞ് വിട്ടത് യുദ്ധമുന്നണിയിലേക്കാണെന്നാണ് പിടിയിലായ പല സൈനികരും പറയുന്നത്. ശരിയായി ആയുധം ഉപയോഗിക്കേണ്ടത് എങ്ങനെയെന്നുപോലും ഇവരിൽ പലർക്കും അറിയില്ല. യുക്രെയിനിൽ അധിനിവേശം നടത്താൻ തീരുമാനിച്ചശേഷം സൈന്യത്തിലെടുത്തവരാണ് ഇവരിൽ ഏറിയകൂറും. പ്രതീക്ഷിച്ച വേഗത്തിൽ മുന്നേറാൻ റഷ്യക്കാവാത്തതിനുള്ള പ്രധാന കാരണത്തിലൊന്നാണിത്. ആയുധങ്ങളുമായി പാഞ്ഞടുക്കുന്ന സൈനികരെ കണ്ട് പേടിച്ച് ഇവർ ആയുധം വച്ച് കീഴടങ്ങുകയാണ്.തങ്ങളുടെ രാജ്യം കീഴടക്കാൻ എത്തിവരാണെങ്കിലും പിടിയിലായ റഷ്യൻ സൈനികരോട് മാന്യമായ രീതിയിലാണ് യുക്രെയിൻകാർ പെരുമാറുന്നത്. റഷ്യൻ സൈനികർക്ക് ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിശന്ന് തളർന്ന് യുദ്ധം ചെയ്യാൻ പോലും ആവാത്ത അവസ്ഥയിലുള്ള അവരെ വളരെ എളുപ്പത്തിലാണ് യുക്രെയിൻകാർ കീഴ്പ്പെടുത്തുന്നത്. പിടിയിലായവരുടെ കരച്ചിൽ കേട്ട് മനസലിഞ്ഞ് അവർക്ക് വയറുനിറയെ ഭക്ഷണം നൽകാൻ യുക്രെയിൻ കാർ മനസുകാട്ടുന്നുണ്ട്. റഷ്യയിലുള്ള ബന്ധുക്കളെ വീഡിയോ കോൾ വിളിച്ച് സംസാരിക്കാനും അവർ അനുവദിക്കുന്നുണ്ട്.russia2സ്വന്തം നാട്ടിലേക്ക് പോകാൻ പിടിയിലായ റഷ്യൻ സൈനികരിൽ പലർക്കും പേടിയാണ്. നാട്ടിലെത്തുന്ന തങ്ങൾ ഭരണകൂടത്തിന്റെ ശത്രുക്കളായിരിക്കുമെന്നും വെടിവച്ചുകൊല്ലുമെന്നുമാണ് അവരുടെ ഭീതി. അതിനാൽ കുടുംബത്തെക്കൂടി യുക്രെയിനിലെത്തിച്ച് ശേഷിച്ച കാലം അവിടെ കഴിച്ചുകൂട്ടാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നവരുമുണ്ട്. പുടിൻ എന്ന പേരുകേൾക്കുന്നതുപോലും ഇവർക്ക് ഇഷ്ടമില്ല. തങ്ങളോട് അയാൾ കള്ളം പറഞ്ഞു എന്നാണ് അവർ പറയുന്നത്.യുദ്ധമുഖത്ത് മരിച്ചുവീഴുന്ന സൈനികരുടെ ശവശരീരങ്ങൾ സ്വീകരിക്കാൻ പോലും റഷ്യ മനസുകാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വലിയ ട്രക്കുകളിൽ ഘടിപ്പിച്ച വൈദ്യുത ചിതകൾ റഷ്യൻ സൈന്യത്തിന്റെ കൈവശമുണ്ട്. മരിച്ചുവീഴുന്ന തങ്ങളുടെ സൈനികരുടെ ശവശരീരങ്ങൾ മിനിട്ടുകൾ കൊണ്ട് ഭസ്മീകരിക്കാൻ ഇതിലൂടെ കഴിയും. റഷ്യൻ സൈനികരുടെ മരണ സംഖ്യ കുറച്ചുകാണിക്കാൻ വേണ്ടിയാണിത്.പ്രതീക്ഷിച്ചതിനെക്കാൾ ശക്തമായ തിരിച്ചടിയാണ് റഷ്യ യുക്രെയിനിൽ നേരിടുന്നത്. പെട്രോൾ ബോംബ് ഉൾപ്പടെയുള്ള ചെറുതും വലുതുമായ ആയുധങ്ങളുമെടുത്ത് നാട്ടുകാർ കൂടി രംഗത്തിറങ്ങിയതോടെയാണ് റഷ്യൻ സൈന്യം കടുത്ത പ്രതിസന്ധി നേരിട്ടുതുടങ്ങിയത്. എങ്കിലും പിന്മാറാതെ ആക്രമണം കടുപ്പിച്ചിരിക്കുയാണ് റഷ്യ.