തൊഴിൽ സങ്കൽപ്പം പൊളിച്ചെഴുതുന്ന സിപിഎമ്മിന്റെ പുതിയ നയരേഖ; ആശങ്കയോടെ തൊഴിലാളി സംഘടനകൾ
കൊച്ചി: സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിൽ തൊഴിലാളി സംഘടനകൾക്ക് ആശങ്ക. ഇടതുപക്ഷത്തിന്റെ വികസന, തൊഴിൽ സങ്കൽപ്പങ്ങളിലും നയസമീപനങ്ങളിലും അടിമുടി പൊളിച്ചെഴുത്താണ് പാർട്ടി നിർദ്ദേശിച്ചിരിക്കുന്നത്.സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം നൽകുന്ന നയരേഖ തൊഴിലാളി വർഗത്തിന്റെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുമോയെന്നതാണ് പ്രധാന ആശങ്ക. വ്യവസായങ്ങളിൽ മൂലധന നിക്ഷേപം ഉയർത്തണം, പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിൽ നിലനിറുത്തകയെന്നത് സർക്കാരിന്റെയല്ല, തൊഴിലാളികളുടെ ഉത്തരവാദിത്വമാകണമെന്ന പാർട്ടിയുടെ പുതിയ സമീപനം തൊഴിലാളിവർഗ കാഴ്ചപ്പാടിൽ നിന്നുള്ള ഗതിമാറ്റമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.നോക്കുക്കൂലിയെ കുറിച്ചും നയരേഖയിൽ വ്യക്തമായ പരാമർശമുണ്ടായി. ‘നോക്കുകൂലി തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്യുകയാണ്. ഇക്കാര്യത്തിൽ തിരുത്തൽ വേണം. തൊഴിലാളികളെ സംഘടനകൾ അവകാശബോധം മാത്രം പഠിപ്പിക്കുന്നു. അതുപോരാ. ഉത്തരവാദിത്വബോധംകൂടി വേണം. അതാണ് പുതിയകാലം ആവശ്യപ്പെടുന്നത് ‘.ഓരോ തൊഴിലുടമയ്ക്കും തൊഴിലാളികളുമായി ചർച്ചചെയ്ത് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്നും നയരേഖയിൽ പറയുന്നുണ്ട്. എന്നാൽ, ഇതെല്ലാം സിഐടിയുവിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണ്. കൂടാതെ, പണിമുടക്ക്, അടിസ്ഥാന ശമ്പളം, പ്രസവാവധി, പെൻഷൻ, ഇൻഷുറൻസ്, ഇ.എസ്.ഐ തുടങ്ങിയവയിലെല്ലാം തൊഴിലാളികൾ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കും.മറ്റു യൂണിയനുകളും കടുത്ത എതിർപ്പ് പ്രകടിപ്പാക്കിനിടയുണ്ട്. അതേസമയം, ഇന്ന് നയരേഖയുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചയിൽ ഇക്കാര്യങ്ങളെല്ലാം സംസാരിക്കുമെന്നും തൊഴിലാളി സംഘടനകൾ പറഞ്ഞു.