ഭർത്താവിനെ പിന്നിൽ നിന്നെത്തി തലയ്ക്കടിച്ച് കൊന്ന ശേഷം സൗമ്യ നേരെ എത്തിയത് അമ്പലത്തിൽ, എന്നിട്ട് നാട്ടുകാരോട് ഒരു കാര്യം പറഞ്ഞു
പാലോട്: കുറുപുഴ വെമ്പിൽ യുവാവിനെ കല്ലും ടൈൽസും ഉപയോഗിച്ച് തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിന് കാരണം ഭാര്യയുടെ സംശയരോഗമെന്ന് പൊലീസ്. ആദിത്യൻ ഭവനിൽ ഷീജുവിനെ (40) കൊലപ്പെടുത്തിയ ഭാര്യ സൗമ്യയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.രാത്രി സമീപത്തെ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിൽ പങ്കെടുക്കാൻ ഇരുവരും പോയിരുന്നെങ്കിലും ഷീജു നേരത്തെ വീട്ടിലേക്ക് മടങ്ങി. രാത്രി 10.30ഓടെ സൗമ്യ തിരികെയെത്തിയപ്പോൾ ഷീജു അടുക്കളയുടെ പുറത്തുനിന്ന് ഫോൺ ചെയ്യുകയായിരുന്നു. സംശയത്തെ തുടർന്ന് സൗമ്യ ഫോൺ ചോദിച്ചെങ്കിലും ഫോൺ നൽകാൻ ഇയാൾ തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഫോൺ ചെയ്തുകൊണ്ടിരുന്ന ഷീജുവിനെ പിന്നിലൂടെയെത്തി സൗമ്യ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്.വേലിക്കല്ലിന്റെ ഒരു ഭാഗം കൊണ്ട് ഷീജുവിന്റെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മരണം ഉറപ്പിക്കാൻ സമീപത്തുകിടന്ന ടൈൽസിന്റെ കഷണമെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു. സംഭവസമയം ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കൊലയ്ക്കശേഷം സൗമ്യ തിരികെ ക്ഷേത്രത്തിലേക്ക് മടങ്ങുന്നതിനിടെ ‘ സുഖമില്ലാത്തതിനാൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ടപോകണമെന്ന് ‘ അതുവഴി പോയ ജീപ്പുകാരോട് സൗമ്യ ആവശ്യപ്പെട്ടെങ്കിലും കൈയിൽ രക്തക്കറ കണ്ടതോടെ ജീപ്പുകാർ വിസമ്മതിച്ചു. തുടർന്ന് ക്ഷേത്രത്തിലെത്തിയ സൗമ്യ അവിടെ ചിലരോട് താൻ ഭർത്താവിനെ കൊന്നതായി അറിയിച്ചു.സംശയം തോന്നിയ നാട്ടുകാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസ് സൗമ്യയെ കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 19നാണ് പ്രവാസിയായ ഷീജു നാട്ടിലെത്തിയത്. ആദിത്യൻ (14), അച്ചു (10), ഐശ്വര്യ (8) എന്നിവരാണ് മക്കൾ. പൊലീസ് നടപടികൾക്കശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റമോർട്ടം നടത്തിയ മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.