മോഡലിന്റെ ആത്മഹത്യയിൽ അടിമുടി ദുരൂഹത, മുറിയിൽ കണ്ടെത്തിയത് മാരക മയക്കുമരുന്ന്, ടിക്ക് ടോക്കിൽ സജീവമായതോടെ ഭർത്താവുമായി അകന്നു
കൊച്ചി: യൂട്യൂബ് വ്ലോഗറും മോഡലുമായ എറണാകുളം വടുതല സ്വദേശിനി നേഹയുടെ (മുഹ്ബഷീറ, 27) ആത്മഹത്യയിൽ ദുരൂഹത. ഇവർക്കൊപ്പം താമസിച്ചിരുന്ന കാസർകോട് സ്വദേശി സിദ്ധാർത്ഥിനെ തെരഞ്ഞ് പൊലീസ്. ആത്മഹത്യക്കു പിന്നിൽ ലഹരിമാഫിയ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു. സിദ്ധാർത്ഥിനെയും നേഹയുടെ അടുത്ത സുഹൃത്തുക്കളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഇരുവരും താമസിച്ചിരുന്ന പോണേക്കര ജവാൻ ക്രോസ് റോഡിലെ മെർമെയ്ഡ് അപ്പാർട്ട്മെന്റിലെ മുറിയിൽനിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും കണ്ടെത്തിയിട്ടുണ്ട്.അപ്പാർട്ടുമെന്റിന് സമീപത്തുണ്ടായിരുന്ന കാർ പരിശോധിച്ച പൊലീസ് 15 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ലഹരിമരുന്ന് ഇയാൾ ഉൾപ്പെട്ട സംഘം കൈമാറിയതാകാമെന്ന് സംശയമുണ്ട്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർത്ഥിന്റെ സുഹൃത്തായ നെട്ടൂർ സ്വദേശിയാണ് ആ ദിവസം ഇവർക്കൊപ്പമുണ്ടായിരുന്നത്. ഇയാൾ പുറത്ത് പോയി തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. സംശയംതോന്നി വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെയും കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കൊച്ചിയിൽ സംസ്കരിച്ചു. ഇവർക്ക് ഒരു മകനുണ്ട്.