പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് അമ്മ വോട്ടിടാൻ പോയപ്പോൾ, പെൺകുട്ടി രക്ഷപ്പെട്ടത് പ്രതിയെ ചവിട്ടി മാറ്റി
ആറ്റിങ്ങൽ: വീട്ടിൽ അതിക്രമിച്ചുകയറി പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും അൻപത്തി അയ്യായിരം രൂപ പിഴയും. മുട്ടപ്പലം കുക്കുടു ജയൻ എന്ന ബാബു (30) വിനെയാണ് ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി. പി. പ്രഭാഷ് ലാൽ ശിക്ഷിച്ചത്.2016 മേയ്16നാണ് കേസിനാസ്പദമായ സംഭവം. വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞ് മാതാവ് വോട്ടുചെയ്യാൻപോയ സമയത്ത് വീട്ടിൽ കയറി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാൻ ശ്രമിച്ചു. കുട്ടി, പ്രതിയെ ചവിട്ടി മാറ്റി ഓടി രക്ഷപ്പെട്ടുവെന്നും പ്രതി പോകുന്നത് അയൽക്കാരി കണ്ടിരുന്നുവെന്നതുമാണ് കേസ്.വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വർഷം കഠിനതടവും അയ്യായിരം രൂപ പിഴയും, പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവും, ഭീഷണിപ്പെടുത്തൽ നടത്തിയതിന് അഞ്ചു മാസം കഠിനതടവും, 12 വയസ്സിൽ താഴെയുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിനു പത്തുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴ തുകയുമാണ് വിധിച്ചത്. പിഴത്തുകയിൽ ഇരുപത്തി അയ്യായിരം രൂപ കുട്ടിക്ക് നൽകണണമെന്നും, തുക കെട്ടിവയ്ക്കാതിരുന്നാൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്നകാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധിയിലുണ്ട്.സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹ്സിൻ ഹാജരായി