യുക്രെയിനിൽ നിന്ന് 154 മലയാളി വിദ്യാർഥികളെക്കൂടി നാട്ടിൽ എത്തിച്ചു
ന്യൂഡൽഹി: യുക്രെയിനിൽനിന്ന് 154 മലയാളി വിദ്യാർഥികൾകൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ഇവരടക്കം ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ ആകെ 398 മലയാളി വിദ്യാർഥികൾ നാട്ടിൽ എത്തി. രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതലായി വിദ്യാർഥികൾ എത്തുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സർക്കാർ ഇന്ന് പ്രത്യേക ചാർട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ഇതിൽ 170 വിദ്യാർഥികൾ 2 ന് രാത്രി 8.20 ഓടെ കൊച്ചി വിമാനത്താവളത്തിൽ എത്തും. ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തി കേരള ഹൗസിൽ വിശ്രമിക്കുകയായിരുന്ന 36 വിദ്യാർഥികളും ഇന്ന് രാവിലെ എത്തിയ 134 വിദ്യാർഥികളും അടങ്ങുന്നതാണ് ഈ വിമാനത്തിലുള്ള സംഘം. നെടുമ്പാശേരിയിൽനിന്നു വിദ്യാർഥികളെ സ്വദേശങ്ങളിലെത്തിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ കാസർകോടേയ്ക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകൾ ഏർപ്പെടുത്തി.
ഡൽഹിയിൽ എത്തിയവരിൽ ഏഴു പേരെ 6.55നുള്ള ഇൻഡിഗോ ഫ്ളൈറ്റിൽ കൊച്ചിയിലേക്കും രണ്ടു പേരെ 6.55നുള്ള ഇൻഡിഗോ ഫ്ളൈറ്റിൽ കണ്ണൂരേയ്ക്കും അയച്ചു. അഞ്ചു പേരെ 8.10നുള്ള എയർ ഏഷ്യ ഫ്ളൈറ്റിലും അഞ്ചു പേരെ 10.45നുള്ള ഇൻഡിഗോ ഫ്ളൈറ്റിൽ തിരുവനന്തപുരത്തേക്കും അയക്കും. ഇവരടക്കം ഡൽഹിയിലും മുംബൈയിലുമായി ഇതുവരെ എത്തിയ 395 പേരെയും നാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂന്നു പേർ കേരളത്തിനു പുറത്തുള്ളവരാണ്. ഇതിൽ ഒരാൾ ഡൽഹിയിലും ഒരാൾ മുംബൈയിലും സ്ഥിരതാമസമാക്കിയവരാണ്. ഒരാൾ ഡൽഹിയിൽനിന്ന് അബുദബിയിലെ മാതാപിതാക്കളുടെയടുത്തേക്കു മടങ്ങി.
ബുക്കാറെസ്റ്റിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനമടക്കം നാലു വിമാനങ്ങൾകൂടി ഇന്നു ഡൽഹിയിൽ എത്തുന്നുണ്ട്. നാളെയും എട്ടു ഫ്ളൈറ്റുകൾ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക്യ എന്നിവിടങ്ങളിൽ നിന്നു ഡൽഹിയിലേക്കും മുംബൈയിലേക്കും സർവീസ് നടത്തുമെന്നാണ് അറിയിപ്പ്. ഈ വിമാനങ്ങളിലെത്തുന്ന എല്ലാ മലയാളി വിദ്യാർഥികളേയും അതിവേഗത്തിൽ കേരളത്തിലെക്കെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും എയർപോർട്ടിൽ സജ്ജമാണ്.