ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന പേരിലെത്തി മോഷണം; വ്യാപാരിയുടെ വീട്ടിൽ നിന്നും 35ലക്ഷം രൂപയും 20ലക്ഷത്തിന്റെ സ്വർണവും തട്ടിയെടുത്തു
ബംഗളൂരു: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യാപാരിയുടെ വീട്ടിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച് കടന്ന പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിൽ എത്തിയ ശേഷം തങ്ങൾ ഉദ്യോഗസ്ഥരാണെന്നും വീട് പരിശോധിക്കാൻ ഉത്തരവുണ്ടെന്ന് കള്ളം പറഞ്ഞാണ് 35ലക്ഷം രൂപയും 20ലക്ഷം രൂപയുടെ ആഭരണങ്ങളും മോഷ്ടിച്ചത്.കോലാർ സ്വദേശിയായ രമേശിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. തക്കാളി വ്യാപാരത്തിനൊപ്പം ചിട്ടി ഫണ്ട് ബിസിനസും ഇയാൾ നടത്തുന്നുണ്ട്. വീട്ടിലെത്തിയ ആറംഗ സംഘത്തോട് ചോദിച്ചപ്പോൾ സിബിഐയുടെ മുദ്ര പതിപ്പിച്ച ചില പേപ്പറുകൾ കാണിക്കുകയും ചെയ്തു. സംശയമൊന്നും തോന്നാത്തതിനാലാണ് വീട്ടിലേയ്ക്ക് പ്രവേശിക്കാൻ അനുവദിച്ചതെന്ന് രമേശ് പറയുന്നു. വീട്ടിൽ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിച്ചിരിക്കുന്നത് എവിടെയാണെന്നും ഇത് അന്വേഷണത്തിന്റെ ഭാഗമാണെന്നും രമേശിനോടും ഭാര്യയോടും പ്രതികൾ ചോദിച്ചു. എന്നാൽ തെരച്ചിലിനിടെ അവർ പണവും സ്വർണവും ബാഗിൽ എടുക്കുന്നത് കണ്ട് സംശയം തോന്നിയ രമേശ് പൊലീസ് ഇല്ലാതെയാണോ അന്വേഷണം നടത്തുന്നതെന്ന് ചോദിച്ചു. ഇതോടെ സംഘത്തിലുള്ലവർ ആയുധങ്ങളെടുക്കുകയും ഭീഷണിപ്പെടുത്തി രമേശിനെയും ഭാര്യയെയും കെട്ടിയിടുകയും ചെയ്തു.വീട്ടിലെ സിസിടിവി ക്യാമറകൾക്ക് കേടുവരുത്തിയ ശേഷമാണ് അക്രമി സംഘം തിരികെ പോയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി രമേശിൽ നിന്നും കുടുംബത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ചിട്ടി ഫണ്ടിൽ നിന്നുള്ള 35ലക്ഷം രൂപയാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇത് അറിയുന്ന ആളാവണം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.