പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ ട്രെയിലർ എത്തി; റൊമാന്റിക് ആക്ഷൻ ചിത്രത്തിൽ പൃഥിരാജും? വീഡിയോ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സൂപ്പർ താരം പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ രാധേ ശ്യാമിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയവും ആക്ഷനും നിറഞ്ഞ ചിത്രത്തിന്റെ നിഗൂഢതകൾ സൂചിപ്പിക്കുന്നതാണ് ട്രെയിലർ. പ്രഭാസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ യു വി ക്രിയേഷൻസ് ആണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്.പ്രഭാസും പൂജ ഹെഡ്ഗെയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ സച്ചിൻ ഖെദെകർ, ഭാഗ്യശ്രീ, ജഗപതി ബാബു, കുനാൽ റോയ് കപൂർ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. രാധാകൃഷ്ണ കുമാർ ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് റസൂൽ പൂക്കുട്ടിയാണ്. ചിത്രത്തിന്റെ ട്രെയിലറിന്റെ അവസാന ഭാഗത്തായി ശബ്ദം നൽകിയിരിക്കുന്നത് പൃഥിരാജാണ്. ടി സീരിസും യു വി ക്രിയേഷൻസുമാണ് നിർമാതാക്കൾ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലായി ഇറങ്ങുന്ന ചിത്രം മാർച്ച് 11ന് ലോകമൊട്ടാകെ റിലീസിനെത്തും.