സെലൻസ്കിയുടെ അതിബുദ്ധി ആപത്തായി, ആയുധങ്ങൾ കിട്ടിയതോടെ കുറ്റവാളികൾ നാട്ടുകാരെ ആക്രമിക്കുന്നു, യുക്രെയിനിൽ കവർച്ചകളും ബലാത്സംഗങ്ങളും
കീവ് : റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ താത്പര്യമുള്ളവർക്കെല്ലാം ആയുധങ്ങൾ നൽകാനുള്ള സെലൻസ്കിയുടെ തീരുമാനം ആപത്തായെന്ന് സൂചന. ഫെബ്രുവരി 24 മുതൽ യുക്രെയിനിൽ തുടരുന്ന റഷ്യൻ ആക്രമണത്തിൽ സൈന്യത്തിന്റെ ശക്തി തികയാതെ വന്നതോടെയാണ് പൗരൻമാർക്കും, വിദേശികൾക്കും അടക്കം താത്പര്യമുള്ളവർക്കെല്ലാം ആയുധം നൽകാൻ യുക്രെയിൻ പ്രസിഡന്റ് തീരുമാനിച്ചത്.എന്നാൽ ഇപ്പോൾ യുക്രേനിയൻ പൗരൻമാർക്ക് റഷ്യൻ സൈന്യം മാത്രമല്ല ഭീഷണിയായി തീർന്നിരിക്കുന്നത്. യുക്രെയിനിൽ കേസുകളിൽ അകപ്പെട്ട കുറ്റവാളികൾക്കും സൈനിക നിലവാരത്തിലുള്ള ആയുധങ്ങൾ ലഭിച്ചിരിക്കുകയാണെന്ന്
ഗോൺസാലോ ലിറ എന്ന എഴുത്തുകാരൻ വെളിപ്പെടുത്തുന്നു. ഇതിനാൽ തന്നെ നഗരങ്ങളിൽ കവർച്ചകളും ബലാത്സംഗങ്ങളുമടക്കമുള്ള പ്രവർത്തികൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കീവിൽ നടന്ന വെടിവയ്പ്പിൽ റഷ്യക്കാരുമായി ഒരു ബന്ധവുമില്ല, കാരണം ഈ സ്ഥലത്ത് നിന്നും പത്ത് കിലോമീറ്റർ അകലെയായിരുന്നു റഷ്യൻ പട്ടാളം നിലയുറപ്പിച്ചിരുന്നതെന്ന് ഒരു യുക്രേനിയൻ പൗരൻ ട്വീറ്റിൽ ആരോപിക്കുന്നു.
ഇപ്പോൾ യുക്രയിനിലുള്ളത് സർക്കാർ സൃഷ്ടിച്ച അരാജകത്വമാണ്. ക്രിമിനൽ സംഘങ്ങൾ അവരുടെ പുതിയ ആയുധങ്ങൾ ഉപയോഗിക്കുന്നു. താമസിയാതെ അവർ സാധാരണക്കാരെ ലക്ഷ്യം വയ്ക്കാൻ തുടങ്ങും ഗോൺസാലോ ലിറ അഭിപ്രായപ്പെടുന്നു.ഫെബ്രുവരി 28ന് പുറത്ത് വിട്ട വീഡിയോയിലാണ് റഷ്യൻ സേനയ്ക്കെതിരെ പോരാടാൻ തയ്യാറുള്ള എല്ലാവർക്കും തോക്കു കളടക്കമുള്ള ആയുധങ്ങൾ നൽകുമെന്ന് യുക്രേനിയൻ പ്രസിഡന്റ് പറഞ്ഞത്. നേരിട്ട് കളത്തിലില്ലെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ വൻ തോതിൽ ആയുധങ്ങൾ എത്തിക്കുന്നുണ്ട്. സൈനിക നിലവാരത്തിലുള്ള ആയുധങ്ങൾ കുറ്റവാളികൾ ഉപയോഗിക്കുന്നതാണ് ഇപ്പോൾ വെല്ലുവിളി ഉയർത്തുന്നത്.