ഇന്ത്യക്കാർ കൊല്ലപ്പെടുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാനാകില്ല, നിലപാട് മാറ്റുമെന്ന ഭീഷണിയിൽ വീണു; ഓപ്പറേഷൻ ഗംഗയുമായി സഹകരിക്കുമെന്ന് റഷ്യ
ന്യൂഡൽഹി: യുക്രെയിൻ ആക്രമണത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ രക്ഷാദൗത്യത്തിന് പിന്തുണയറിയിച്ച് റഷ്യ. ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സഹകരിക്കാമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസിഡറായ ഡെനീസ് അലിപോവ് സന്നദ്ധത അറിയിക്കുകയായിരുന്നു.യുക്രെയിനിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരെ റഷ്യ വഴി തിരികെയെത്തിക്കാൻ സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടെങ്കിലും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ കർണാടക സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ യുക്രെയിൻ വിഷയത്തിൽ നിലപാട് മാറ്റുമെന്ന് ഇന്ത്യ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം റഷ്യൻ അംബാസിഡറെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാർ കൊല്ലപ്പെടുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചുവെന്നാണ് വിവരം. ഇതോടെയാണ് അടിയന്തര ഇടപെടൽ നടത്തുമെന്ന് റഷ്യ പ്രതികരിച്ചത്.ഇന്ത്യക്കാരെ പുറത്തെത്തിക്കാൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് വരികയാണെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ എടുത്ത നിലപാടിനോട് നന്ദിയുള്ളവരാണെന്നും റഷ്യൻ എംബസി അറിയിച്ചു. റഷ്യയിലെ റുസൈൻ പ്രദേശത്തിലൂടെ ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യയും റഷ്യയും തന്ത്രപരമായ സഖ്യകക്ഷികളാണ്. ഇന്ത്യയിലേക്കുള്ള എസ് 400 പ്രതിരോധസംവിധാനത്തിന്റെ വിതരണത്തെ നിലവിലെ പ്രശ്നങ്ങൾ ബാധിക്കില്ലെന്നും തടസം കൂടാതെ തുടരുമെന്നും റഷ്യൻ എംബസി പ്രതികരിച്ചു. എന്നാൽ രക്ഷാപ്രവർത്തനം എപ്പോൾ തുടങ്ങുമെന്നതിൽ തീരുമാനമായില്ല. ഖർഖീവ്, സുമി നഗരങ്ങളിലായി കുടുങ്ങിക്കിടക്കുന്ന നാലായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ റഷ്യ വഴി പുറത്തെത്തിക്കാനാണ് നീക്കം.