റഷ്യയ്ക്കെതിരെ പോരാടാൻ വിദേശികൾക്ക് വിസയില്ലാതെ യുക്രെയിനിലെത്താം; ചെയ്യേണ്ടത് ഇത്രമാത്രം
കീവ്: റഷ്യയ്ക്കെതിരെ പോരാടാൻ സന്നദ്ധരായ വിദേശികൾക്ക് വിസയില്ലാതെ രാജ്യത്തെത്താൻ അവസരം ഒരുക്കാമെന്ന് യുക്രെയിൻ പ്രസിഡന്റ് സെലൻസ്കി. റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ തയാറായ വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്നും യുക്രെയിൻ അറിയിച്ചു. വിസ താൽക്കാലികമായി എടുത്തുകളയാനുള്ല ഉത്തരവിൽ സെലൻസ്കി ഒപ്പുവച്ചു. ചൊവ്വാഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുകയാണെന്നും, രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നത് വരെ ഉത്തരവ് തുടരുമെന്നും വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.എന്നാൽ യുക്രെയിനിനെ സഹായിക്കാനായി മുന്നോട്ടെത്തുന്ന വിദേശികളെ ഉറ്റുനോക്കുകയാണ് ലോകം. റഷ്യയ്ക്കെതിരെ പോരാടാൻ തയാറായ വിദേശ സന്നദ്ധപ്രവർത്തകരെ ‘യുക്രെയിൻ ഫോറിൻ ലീജിയൻ’ എന്നാണ് ഔദ്യോഗികമായി വിളിക്കുന്നത്. ഫെബ്രുവരി 27ന് ഇത് സംബന്ധിച്ച് സൂചനകൾ വന്നശേഷം ‘യുക്രെയിൻ ഫോറിൻ ലീജിയൻ’ എന്ന് സെർച്ച് ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.എങ്ങനെ സന്നദ്ധ സേനയിൽ ചേരാം?സ്വന്തം രാജ്യത്തെ യുക്രെയിൻ എംബസികളെ സമീപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ പൗരത്വം, യാത്രാസംബന്ധമായ വിവരങ്ങൾ, യുദ്ധത്തിലോ മറ്റ് സൈനിക സേവനങ്ങളിലോ പങ്കാളിയായിട്ടുണ്ടോ എന്നത് സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷം അഭിമുഖം നടത്തി വിസ അനുവദിക്കും. നിങ്ങൾ യോഗ്യരായി കഴിഞ്ഞാൽ യുക്രെയിൻ സൈന്യത്തോടൊപ്പം പ്രവർത്തിക്കാൻ അനുമതി ലഭിക്കും. നിലവിൽ യുക്രെയിനിലെ 18നും 60നും ഇടയിൽ പ്രായമായവർക്ക് സൈന്യത്തോടൊപ്പം പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുകയാണ്.