കിലോമീറ്ററുകളോളം നീണ്ട ട്രാഫിക് ജാം ആണെങ്കിലും ഈ നാട്ടുകാർ അൽപം പോലും ബഹളമുണ്ടാക്കില്ല, ഓവർടേക്ക് ചെയ്യില്ല, ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മാത്രം നടക്കുന്ന കാര്യം
ട്രാഫിക് ജാം എന്ന വാക്ക് നമ്മൾ ഇന്ത്യക്കാർക്ക് ജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് വർഷങ്ങൾ നിരവധിയായി. അത്യാവശ്യമുള്ള പലഘട്ടങ്ങളിലും റോഡിലെ വാഹനവ്യൂഹത്തിന് മുന്നിൽ കുടുങ്ങിക്കിടന്ന് സ്വയം പഴി പറയുകയോ, എതിരെ വരുന്നവരെ ചീത്ത വിളിക്കുകയോ ചെയ്യുന്നത് നമ്മളിൽ പലർക്കും ശീലവുമാണ്. ഇനി ഒരത്യാവശ്യവുമില്ലെങ്കിൽ പോലും മുന്നിലുള്ള വണ്ടിക്കാരന് സ്വസ്ഥത കൊടുക്കാൻ നമ്മൾ തയ്യാറുമല്ല.അങ്ങനെ തയ്യാറായി നിൽക്കുന്ന ഒരു ജനതയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ബ്ളോക്കാണ് ദൃശ്യം എന്നാൽ ഒരു വരിപ്പാതയിീൽ കൃത്യമായി അവരവരുടെ ഊഴമനുസരിച്ച്, ആരെയും ഓവർടേക്ക് ചെയ്യാതെ വാഹനങ്ങളുമായി മുന്നോട്ടുപോകുന്ന യാത്രക്കാരെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. ഇന്ത്യയിലെ ഒരു സംസ്ഥാനത്താണ് ‘അത്ഭുതകരമായ’ ഈ ദൃശ്യമെന്നതാണ് കൗതുകം.മിസോറാമാണ് ആ സംസ്ഥാനം. സന്ദീപ് അലാവത് എന്ന ചെറുപ്പക്കാരനാണ് ദൃശ്യം തന്റെ ട്വിറ്ററിലൂടെ ലോകത്തെ കാണിച്ചത്. ‘ഇത്തരത്തിലുള്ള അച്ചടക്കം ഞാൻ മിസോറാമിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഇവിടെ ഫാൻസി കാറുകളില്ല. വലിയ ഈഗോകളില്ല, റോഡിലെ അടികളോ തെറിവിളിയോ തീരെയില്ല. സമാധാനവും പ്രശാന്തതയും മാത്രം’- സന്ദീപ് കുറിച്ചു.മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര അടക്കമുള്ളവർ ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തി. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട നിരവധിപേർ സമാനമായ ചിത്രങ്ങളും പോസ്റ്റ് ചെയ്തു.