ഫോണിലേക്ക് സ്ഥിരമായി യുവതിയുടെ സന്ദേശം, ശല്യം സഹിക്കാതെ ഡോക്ടർ പരാതി നൽകി; ഒറ്റ മെസേജിലൂടെ സ്ത്രീകളെ പിടികൂടി പൊലീസ്
തൃശൂർ: ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി സ്വദേശി നൗഫിയയാണ് ഡോക്ടർക്ക് സ്ഥിരമായി മെസേജ് അയച്ചത്. പരിചയമില്ലാത്ത നമ്പരായതിനാൽ ഡോക്ടർ മറുപടിയൊന്നും നൽകിയില്ല. പിന്നെ പണം ചോദിച്ച് ഭീഷണിപ്പെടുത്തലായി.മൂന്ന് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പീഡന പരാതി നൽകുമെന്നായിരുന്നു യുവതിയുടെ ഭീഷണി. വഴങ്ങാതായതോടെ ഇന്റർനെറ്റ് കോളിലൂടെ ഒരു പുരുഷൻ ഡോക്ടറെ വിളിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഹണിട്രാപ്പാണെന്ന് മനസിലായതോടെ യുവതി അയക്കുന്ന മെസേജിന് പൊലീസ് മറുപടി നൽകാൻ തുടങ്ങി.തുക നൽകാമെന്ന് പൊലീസ് തിരിച്ച് സന്ദേശമയച്ചു. ബംഗളൂരുവിൽ നിന്ന് ഒരു യുവതി പണം കൈപ്പറ്റാൻ വരുമെന്ന് പ്രതി മെസേജ് അയച്ചു. ബംഗ്ലുരുവിലെ ഫിറ്റ്നസ് ട്രെയിനറായ നിസ തൃശൂരിൽ എത്തി ഡോക്ടറെ വാട്സ്ആപ്പിൽ ബന്ധപ്പെട്ടു. ഈ സമയം ഡോക്ടറുടെ ഫോൺ പൊലീസിന്റെ കൈയിലായിരുന്നു. തുടർന്ന് പൊലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്തു. ഇനി ഡോക്ടറെ ഭീഷണിപ്പെടുത്തിയ പുരുഷനെയാണ് അറസ്റ്റ് ചെയ്യുനുള്ളത്.