സംപ്രേഷണ വിലക്ക് തുടരും, ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളി; സുപ്രീം കോടതിയിൽ പോകുമെന്ന് മീഡിയ വൺ
കൊച്ചി: മീഡിയ വൺ ചാനലിന് വിലക്ക് തുടരും. ചാനലിന്റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് വിലക്കും നീളുന്നത്. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.മീഡിയ വൺ ചാനൽ നൽകിയ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ചാനൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മീഡിയ വണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രേഷണ വിലക്കെന്നാണ് കേന്ദ്രസർക്കാർ വാദം. കൂടുതൽ കാര്യങ്ങൾ ഓപ്പൺ കോർട്ടിൽ പറയാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസർക്കാർ വിശദ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.മാദ്ധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ,കേരള പത്രപ്രവർത്തക യൂണിയൻ എന്നിവർ കക്ഷികളായാണ് ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി സമർപ്പിച്ചത്. എന്നാൽ എന്തൊക്കെ കാരണങ്ങളാലാണ് തങ്ങളെ വിലക്കിയതെന്ന് അറിയിച്ചിട്ടില്ലെന്നാണ് ഹർജിക്കാരുടെ വാദം. ജനുവരി 31നാണ് ചാനലിന് വിലക്കേർപ്പെടുത്തിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഹർജി തള്ളിയതോടെ സുപ്രീംകോടതിയിൽ പോകാനാണ് ചാനൽ അധികൃതരുടെ തീരുമാനം.