വ്യോമ മേഖല കീഴടക്കിയതോടെ 64 കിലോമീറ്റർ നീളമുള്ള റഷ്യൻ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി മുന്നേറുന്നു, യുക്രെയിൻ പരാജയത്തിന് അരികെ
കീവ് : കഴിഞ്ഞ ദിവസം നടന്ന സമവായ ചർച്ച പരാജയപ്പെട്ടതോടെ യുക്രെയിനെ എത്രയും വേഗത്തിൽ കീഴടക്കുക എന്ന ലക്ഷ്യമാണ് റഷ്യയ്ക്കുള്ളത്. യുക്രെയിനിന്റെ വ്യോമ പ്രതിരോധം സമ്പൂർണമായി കീഴ്പ്പെടുത്തി വ്യോമമേഖലയിൽ ആധിപത്യം ഉറപ്പിച്ചതോടെ കീവ് ലക്ഷ്യമാക്കി വൻ റഷ്യൻ സൈനിക വ്യൂഹമാണ് നീങ്ങുന്നത്. ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിൽ ഏകദേശം 64 കിലോമീറ്ററോളം നീളമുള്ള സൈനിക വ്യൂഹമാണ് കീവിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ അധിക സൈന്യം കൂടി എത്തുന്നതോടെ യുക്രെയിനിന്റെ തകർച്ച സമ്പൂർണമായേക്കും.അതേസമയം കീവിൽ നിന്നും എത്രയും വേഗം ഒഴിയാൻ ഇന്ത്യ പൗരൻമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.അമേരിക്കൻ സ്ഥാപനമാണ് റഷ്യൻ സൈനിക വ്യൂഹത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. നൂറ് കണക്കിന് ടാങ്കുകളും മറ്റ് വാഹനങ്ങളും ഉൾപ്പെടുന്നതാണ് വാഹനവ്യൂഹം. യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലും റഷ്യൻ സൈന്യം ഷെല്ലാക്രമണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ നിരവധി പേർ കൊല്ലപ്പെട്ടു. എന്നാൽ റഷ്യ ആക്രമണം കടുപ്പിക്കുമ്പോഴും കീഴടങ്ങാൻ തയ്യാറല്ലെന്ന സന്ദേശമാണ് യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി നൽകുന്നത്. യുദ്ധമുഖത്തുള്ള സൈനികർക്ക് വേതനം കുത്തനെ വർദ്ധിപ്പിക്കുവാനും അദ്ദേഹം തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. 4300 റഷ്യൻ ഭടൻമാരെ വധിച്ചുവെന്നാണ് യുക്രെയിനിന്റെ അവകാശവാദം.