ബദിയടുക്ക ∙ ചികിത്സാ സഹായ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് സിപിഎം പള്ളത്തടുക്ക ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ റസാഖ് ചാലക്കോടിനെ പാർട്ടിയിൽ നിന്നു പുറത്താക്കി. അതെസമയം സംസ്ഥാന സർക്കാരും ഭരിക്കുന്ന പാർട്ടിയും കേരളത്തിലെ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന ഒളി അജണ്ടകളിലും അവഗണനയിലും അധികാരങ്ങൾക്ക് വേണ്ടി ബിജെപിയെ കൂട്ടു പിടിക്കുന്നതിലും പ്രതിഷേധിച്ചണ് സിപിഎം പള്ളത്തടുക്ക ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജിവെച്ചു എന്നാണ് അബ്ദുൽ റസാഖ് അവകാശപ്പെടുന്നത് .
കാൻസർ രോഗിക്കു സഹായം നൽകാൻ തുടങ്ങിയ ചികിത്സാ സഹായ ഫണ്ടിൽ നിന്നു സാമ്പത്തിക ക്രമക്കേട് നടത്തുകയും, ബ്രാഞ്ച് സെക്രട്ടറി എന്ന പദവിയുപയോഗിച്ച് സ്വന്തം ആവശ്യത്തിനായി പണം പിരിക്കുന്നതും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനുമാണ് അബ്ദുൽ റസാഖ് ചാലക്കോടിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് ബദിയടുക്ക ലോക്കൽ സെക്രട്ടറി ചന്ദ്രൻ പൊയ്യകണ്ടം പറഞ്ഞു.
ഫെബ്രുവരി 14ന് ബ്രാഞ്ച് അംഗം ഗണേഷ് പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ബ്രാഞ്ച് യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന അഭിപ്രായം ഉയർന്നിരുന്നു. തുടർന്ന് റസാഖിനെ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. ഫണ്ടിൽ തിരിമറി നടത്തിയതിന്റെ പണവും കൃത്യമായ കണക്കുകളും അടുത്ത ബ്രാഞ്ച് യോഗത്തിൽ റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചു. ലോക്കൽ കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു റസാഖിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്.
എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇത് ഉന്നയിക്കുന്നവരാണ് തെളിയിക്കേണ്ടതെന്നുമാണ് അബ്ദുൽ റസാഖിന്റെ നിലപാട്. ബദിയടുക്ക പഞ്ചായത്തിൽ ഇപ്പോഴും ബിജെപി പഞ്ചായത്ത് അംഗങ്ങളുടെ പിന്തുണയോടെ ജയിച്ച സിപിഎം പ്രതിനിധി തുടരുകയണെന്നും അബ്ദുൽ റസാഖ് ആരോപിച്ചു.
സർക്കാർ വഖഫ് വിഷയത്തിലടക്കം മുസ്ലിം സമുദായത്തോടും ന്യൂന പക്ഷങ്ങളോടും എടുത്ത നിലപാട് പ്രതിഷേധാർഹമാണെന്നും ഒളി അജണ്ടയുടെ ഭാഗമാണെന്നും റസാഖ് പറഞ്ഞു. ചില വിഷയങ്ങളിലുള്ള പാർട്ടി നിലപാടുകൾ മാറ്റാൻ നേതൃത്വം തയാറായില്ലെങ്കിൽ അംഗത്വം രാജി വയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഇദ്ദേഹം പറഞ്ഞു. നിലവിൽ മുസ്ലിം ലീഗുമായി സഹകരിച്ചാണ് അബ്ദുൽ റസാഖ് പ്രവർത്തിക്കുന്നത്.നിലവിൽ റസാഖിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും യോജിച്ച പാർട്ടി ലീഗ് തന്നയാണെന്നാണ് സി പി ഐ എം അണികൾ നവമാധ്യമങ്ങളിൽ പരിഹസിക്കുന്നത് .എങ്ങനെ ആണെങ്കിലും ശരി കാൻസർ രോഗിക്ക് വേണ്ടി പിരിച്ചെടുത്ത പണം ഉടനെ നൽകിയാൽ മതിയെന്നും ഇവർ പറയുന്നു .