ചുണ്ടിൽ എരിയുന്ന സിഗരറ്റും കൈയിൽ കുഴിബോംബുമായി കൂളായി നടന്നുപോകുന്ന യുക്രെയിൻ പൗരൻ; രാജ്യത്തിനുവേണ്ടി എന്തിനും തയ്യാർ, വീഡിയോ കാണാം
കീവ്: റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ രാജ്യത്തെ സംരക്ഷിക്കാൻ എന്തിനും തയ്യാറെന്ന പോരാട്ടവീര്യത്തോടെ നിലയുറപ്പിക്കുകയാണ് യുക്രെയിൻ പൗരൻമാർ. നാടിനായി അണിനിരക്കൂവെന്ന് പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സാധാരണ ജനങ്ങളും പോർമുഖത്തേക്ക് ഇറങ്ങിതിരിച്ചത്. തങ്ങളാൽ കഴിയും വിധം സേനയെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുകയാണ് യുക്രെയിൻ ജനങ്ങൾ.യുക്രെയിൻ സേന കടന്നുപോകുന്ന വഴിയരികിൽ കണ്ടെത്തിയ കുഴിബോംബ് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ എടുത്തുകൊണ്ടുപോകുന്ന യുക്രെയിൻ പൗരന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ഇയാൾ കുഴിബോംബുമായി നടന്നുനീങ്ങുന്ന വീഡിയോയാണ് വൈറലാവുന്നത്
2022റഷ്യ ഒന്നൊന്നായി രാജ്യത്തിന്റെ സുപ്രധാന പ്രദേശങ്ങൾ പിടിച്ചടക്കുമ്പോഴും അമ്പരപ്പിക്കുന്ന പോരാട്ടവീര്യമാണ് യുക്രെയിൻ സേനയും പൗരൻമാരും പ്രകടിപ്പിക്കുന്നത്. റഷ്യയുടെ കനത്ത ആക്രമണത്തിൽ 16 കുട്ടികളടക്കം 352 യുക്രെയിൻ പൗരൻമാർക്ക് ജീവൻ നഷ്ടമായിരുന്നു. എന്നിരുന്നാലും സ്വന്തം മണ്ണിന്റെ ഒരിഞ്ച് പോലും ശത്രുക്കൾക്ക് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് യുക്രെയിൻ. മുൻ പ്രസിഡന്റും രാഷ്ട്രീയ പ്രമുഖരും മേയറും പാർലമെന്റ് അംഗവും, മുൻ യുക്രെയിൻ സൗന്ദര്യറാണിയും ചരിത്രകാരനും കായികതാരങ്ങളുമുൾപ്പടെ അനേകം യുക്രെയിൻ പൗരൻമാരാണ് നാടിന് വേണ്ടി പോരാടാൻ ഇറങ്ങിയത്.