യുക്രെയിൻ ഒഴിപ്പിക്കലിന് വേഗം കൂട്ടി രാജ്യം; ഇന്ത്യാക്കാരെ മടക്കി കൊണ്ടുവരാൻ വ്യോമസേന ഇറങ്ങും
ന്യൂഡൽഹി: യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ ഗംഗ പദ്ധതിയിൽ വ്യോമസേനയും പങ്കാളികളാകും. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ അയക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി.ഇന്ത്യൻ എയർഫോഴ്സിന്റെ സി 17 വിമാനങ്ങളാണ് യുക്രെയിനിലേക്ക് പറക്കുക. ഇന്ന് തന്നെ ആദ്യ വ്യോമസേനാ വിമാനം പുറപ്പെടുമെന്നാണ് അറിയുന്നത്. നിലവിൽ യൂറോപ്പിന്റെ പല ഭാഗത്തേക്കും അഭയാർത്ഥി പ്രവാഹമാണ്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങൾ ഈ ദൗത്യത്തിൽ പങ്കാളികളാകുന്നുണ്ട്.അതേസമയം, കേന്ദ്രമന്ത്രിമാർ യുക്രെയിൻ അതിർത്തിയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. രക്ഷാദൗത്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുമായാണ് മന്ത്രിമാർ യാത്ര തിരിക്കുന്നത്.റൊമേനിയ, മാൾഡോവ എന്നിവിടങ്ങളിലാണ് ജ്യോതിരാദിത്യ സിന്ധ്യ സന്ദർശിക്കുന്നത്. കിരൺ റിജ്ജു സ്ലോവാക്യയിലേക്കും ഹർദീപ് സിംഗ് പുരി ഹംഗറിയിലേക്കും പുറപ്പെടും. വികെ സിംഗിനാണ് പോളണ്ടിലെ രക്ഷാദൗത്യത്തിന്റെ ചുമതല. ഇന്ത്യക്കാർ അടിയന്തരമായി കീവ് വിടണമെന്ന നിർദേശം ഇന്ത്യൻ എംബസി പുറത്തു വിട്ടിരിക്കുകയാണ്. ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് യുദ്ധ ഭൂമിയിൽ നിന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് രാജ്യം കൈക്കൊള്ളുന്നത്.