ലൈംഗിക പീഡനം: സ്കൂൾ ഒഫ് ഡ്രാമയിലെ അദ്ധ്യാപകൻ അറസ്റ്റിൽ
തൃശൂർ: ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ സ്കൂൾ ഒഫ് ഡ്രാമയിലെ അദ്ധ്യാപകൻ ഡോ.സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം സർവകലാശാല ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർത്ഥികൾ ദിവസങ്ങളായി നടത്തിവന്ന ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് ഇയാൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. കാമ്പസിലെ രണ്ട് അദ്ധ്യാപകർക്കെതിരെയാണ് പെൺകുട്ടി പരാതി ഉന്നയിച്ചത്.കഴിഞ്ഞ നവംബർ 21 ന് വിസിറ്റിംഗ് ഫാക്കൽറ്റിയായെത്തിയ അദ്ധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്ന് കാട്ടിയാണ് ആദ്യം പെൺകുട്ടി പരാതി നൽകിയത്. വകുപ്പ് മേധാവിയോടടക്കം മുതിർന്ന അദ്ധ്യാപകരോട് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ഇതിനിടെയാണ് മറ്റൊരദ്ധ്യാപകനായ എസ്.സുനിൽകുമാർ വിദ്യാർത്ഥിനിക്ക് പിന്തുണയുമായി എത്തിയത്.ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാൾ പിന്നീട് രാത്രികാലങ്ങളിൽ മദ്യപിച്ച് ലൈംഗികചുവയോടെ പെൺകുട്ടിയെ വിളിച്ച് സംസാരിക്കുന്നത് പതിവായി. പെൺകുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ അദ്ധ്യാപകൻ ബലംപ്രയോഗിച്ച് പെൺകുട്ടിയെ ലൈംഗിക പീഡനത്തിനും ഇരയാക്കി.തുടർന്ന് മാനസിക സമ്മർദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാമ്പസിൽ മൂന്ന് ദിവസമായി സമരത്തിലായിരുന്നു വിദ്യാർത്ഥികൾ.