വിവാഹത്തിന് ഒരു ദിവസം വൈകിയെങ്കിൽ! ഇന്തോ-യുക്രെയിൻ ദമ്പതികളുടെ ജീവിതത്തിൽ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്
ഹൈദരാബാദ്: ഇന്ത്യാക്കാരനായ യുവാവും യുക്രെയിൻ സ്വദേശിയായ യുവതിയുടെയും ജീവിതത്തിൽ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ്. ഫെബ്രുവരി 23നായിരുന്നു ഹൈദരാബാദ് സ്വദേശിയായ പ്രതീകിന്റെയും യുക്രെയിൻ സ്വദേശിയായ ല്യൂബോവിന്റെയും വിവാഹം.റഷ്യൻ സൈന്യം യുക്രെയിനിൽ ആക്രമണം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് വിവാഹിതരായ ഇവർ ഇന്ത്യയിൽ നിശ്ചയിച്ചിരുന്ന വിവാഹ ചടങ്ങുകൾക്കായി അന്നു തന്നെ യുക്രെയിനിൽ നിന്നും പുറപ്പെട്ടിരുന്നു. യുക്രെയിൻ പൗരയായ ല്യൂബോവിന് ഇന്ത്യയിലേയ്ക്ക് വരാൻ ഭാഗ്യവശാൽ ഒരു തടസവും ഉണ്ടായിരുന്നില്ല.
ഹൈദരാബാദ് സ്വദേശിയായ മല്ലികാർജുൻ റാവു- പത്മജ ദമ്പതികളുടെ മകനായ പ്രതീകും ല്യൂബോവും ഇന്ത്യൻ ആചാരപ്രകാരമാണ് ഹൈദരാബാദിലെ വിവാഹചടങ്ങുകൾ നടത്തിയത്. ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെ പ്രധാന പൂജാരിയാണ് ഇവരുടെ വിവാഹം നടത്തിയത്. ഈ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ചാൽ വിദേശത്തേയ്ക്കുള്ള വിസ ലഭിക്കുമെന്നാണ് വിശ്വാസം. അതിനാൽ ‘വിസ ബാലാജി’ എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. യുദ്ധം എത്രയും വേഗം അവസാനിക്കട്ടെയെന്നും ലോകത്ത് സമാധാനം ഉണ്ടാകട്ടെയെന്നും പൂജാരി പറഞ്ഞു.റഷ്യൻ അധിനിവേശ സമയത്ത് യുക്രെയിനിൽ 20,000 ഇന്ത്യൻ പൗരന്മാരുണ്ടായിരുന്നു. ഭൂരിഭാഗവും മെഡിസിൻ വിദ്യാർത്ഥികളായിരുന്നു. എന്നാൽ നിലവിൽ ഭൂരിഭാഗം പേരെയും തിരികെ എത്തിച്ചിരിക്കുകയാണ്. ബാക്കിയുള്ളവരെ നാട്ടിലേയ്ക്ക് തിരികെ എത്തിക്കാനുള്ള നടപടികളും നടന്നുവരികയാണ്.