കൊവിഡ് നാലാം തരംഗം ജൂണിൽ, ഒക്ടോബർ വരെ നീണ്ടു നിൽക്കും; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
ന്യൂഡൽഹി: കൊവിഡിന്റെ നാലാം തരംഗം ജൂൺ മാസത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് പഠനറിപ്പോർട്ട്. ഐഐടി കാൻപൂർ തയ്യാറാക്കിയ പഠനറിപ്പോർട്ടിലാണ് വീണ്ടും ആശങ്കയുണർത്തുന്ന പ്രവചനം വന്നിരിക്കുന്നത്. ജൂൺ 22 ന് തുടങ്ങുന്ന നാലാം തരംഗം ആഗസ്റ്റ് 23ന് അതിന്റെ പാരമ്യതയിലെത്തി ഒക്ടോബർ 24 മുതൽ കുറയുമെന്നാണ് പഠനത്തിൽ പറയുന്നത്.മൂന്നാം തരംഗത്തെ കുറിച്ചും ഐഐടി ഗവേഷകർ പ്രവചനം നടത്തിയിരുന്നു. നേരിയ ദിവസത്തിന്റെ വ്യത്യാസത്തിൽ അത് രാജ്യത്ത് സംഭവിക്കുകയും ചെയ്തിരുന്നു. അതേസമയം, നാല് മാസം നീണ്ടു നിൽക്കുന്ന നാലാം തരംഗത്തിൽ രോഗതീവ്രത എത്രത്തോളമായിരിക്കും എന്ന കാര്യത്തിൽ റിപ്പോർട്ടിൽ വ്യക്തമായ പരാമർശമില്ല.രാജ്യത്ത് ഈ വർഷം പകുതിയോടെ പുതിയ കൊവിഡ് തരംഗമുണ്ടാകുമെന്ന് മുമ്പും ആരോഗ്യവിദഗ്ദ്ധർ പ്രവചിച്ചിരുന്നു. കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായിരിക്കും അടുത്ത തരംഗത്തിനു കാരണമാകുക. എന്നാൽ, ഒമിക്രോൺ പോലെ രോഗതീവ്രത കുറഞ്ഞ വൈറസായിരിക്കുമോ പടരുക എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.