കാഞ്ഞങ്ങാട്: യുദ്ധം തുടങ്ങും മുന്നെ നാട്ടിലെത്തിയിട്ടും ഉക്രൈ നില് കുടുങ്ങി കിടക്കുന്ന സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ അറിയാനാണ് അഫ്റാസിന് ഏറെ താല്പര്യം. മനസ്സിലിപ്പോഴും ഉക്രൈനിലെ ഉറ്റ ചങ്ങാതിമാര്‍ മാത്രം. നാട്ടിലെത്തിയതിന് ആദ്യമായി ദൈവത്തോട് നന്ദി പറയുകയാണ്. ഇപ്പോഴും ഉക്രൈനിലെ യൂണിവേഴ്സിറ്റിയിലെയും താമസ സ്ഥലത്തേയും സഹപ്രവര്‍ത്തകരെ ഓര്‍ത്താണ് മനസ്സ് പായുന്നത്. കാഞ്ഞങ്ങാട് കൂളിയങ്കാല്‍ സ്വദേശിയായ അഹ്റാസ് ഈ മാസം 18 നാണ് ഉക്രൈനിലെ കാര്‍കോവില്‍ നിന്നും ദുബായ് വഴി നാട്ടിലെത്തിച്ചേര്‍ന്നത്.
വി.എന്‍ കറാസിന്‍ കാര്‍ക്കിവ് നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ എം.ബി.ബി.എസ് അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയാണ് അഹ്റാസ്. നാട്ടിലെത്തിയ ഉടനെ കൊച്ചി സ്വദേശികളായ രണ്ട് സുഹൃത്തുക്കള്‍ക്ക് ടിക്കറ്റെടുത്ത് നല്കി അവരും വീട്ടിലെത്തി അഹ്റാസിനെ വിളിച്ചു. 55,000 രൂപക്കാണ് അഹ്റാസ് വിമാന ടിക്കറ്റെടുത്തത്. അതിപ്പോള്‍ ഒരു ലക്ഷം കടന്നിട്ടുണ്ട്. നാട്ടിലെത്തിയ അഹ്റാസ് കുടുംബക്കാരെയും സുഹൃത്തുക്കളെയും നേരില്‍ കണ്ടതിന്റെ സന്തോഷം മാറുന്നില്ല. ഉറ്റ സുഹൃത്തുക്കള്‍ കൂടുതല്‍ പേരും സംഘര്‍ഷ മേഖലയില്‍ നിന്ന് അകലെയാണെങ്കിലും യുദ്ധഭീതി എല്ലാവരിലുമുണ്ട്.
ചിലര്‍ താമസിക്കുന്ന ഹോസ്റ്റലിന് 15 കിലോമീറ്ററിനടുത്ത് മിസൈല്‍ വര്‍ഷിച്ചതായി കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് അഹ്റാസ് അറിയിച്ചു. അടിയന്തരമായി നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസി മുഴുവന്‍ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടതോടെ വിമാന ടിക്കറ്റ് സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. റഷ്യന്‍ സൈന്യം രാജ്യം പിടിച്ചടക്കുമെന്ന് ഭയക്കുന്നവരും ഒന്നും സംഭവിക്കില്ലെന്ന് ശുഭാപ്തി വിശ്വാസമുള്ളവരും ഒരു പോലെ ഇപ്പോള്‍ ഉക്രെനിലുണ്ട്.
കാസര്‍കോട് ജില്ലയില്‍ നിന്ന് തന്നെ 400 ന് മുകളില്‍ വിദ്യാര്‍ഥികളാണ് ഉക്രെനിലുള്ളത്. ഇതില്‍ കാഞ്ഞങ്ങാട്ട് നിന്ന് 9 പേര് ഉണ്ട്. ഒരു മാസത്തേക്ക് ഉക്രൈനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ രാജ്യത്തെ സാഹചര്യം എന്തായിരിക്കുമെന്ന് പറയാനാകാതെ പ്രയാസപ്പെടുകയാണ് സഹപ്രവര്‍ത്തകര്‍.