ലോകം യുക്രെയിനിനൊപ്പം, ആയുധങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്; അന്തിമ വിജയം തങ്ങളുടേതായിരിക്കുമെന്ന് സെലൻസ്കി
കീവ്: റഷ്യൻ സൈനിക അധിനിവേശത്തിന്റെ ഭാഗമായി തലസ്ഥാനമായ കീവ് അടച്ചിട്ട സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന അറിയിപ്പുമായി യുക്രെയിൻ പ്രസിഡന്റ് സെലൻസ്കി. യുദ്ധവിരുദ്ധ സഖ്യം ശക്തമായി പ്രവർത്തിക്കുന്നതായും അദ്ദേഹം അറിയിച്ചു.ഇന്ന് രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള സംഭാഷണത്തിന് ശേഷമാണ് ആയുധങ്ങൾ യുക്രെയിനിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്. പുലർച്ചെ തന്നെ മോസ്കോ നഗരം പിടിച്ചെടുക്കാൻ ശ്രമിക്കുമെന്ന് സെലൻസ്കി മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കുള്ളിലാണ് തലസ്ഥാനത്ത് റഷ്യൻ സൈന്യത്തെ യുക്രെയിൻ സൈനികർ നേരിട്ടത്. സിവിലിയൻ സന്നദ്ധ പ്രവർത്തകരും റഷ്യയെ പരാജയപ്പെടുത്താൻ തയാറായി സൈന്യത്തോടൊപ്പം ചേർന്നതായും സെലൻസ്കി പറഞ്ഞു. ലോകം യുക്രെയിനിനൊപ്പമാണെന്നും വിജയം നമ്മുടേതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.യുക്രൈന് അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തിരുന്നു. യുക്രൈനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു പ്രമേയം. 15അംഗങ്ങളുള്ള സമിതിയിൽ 11രാജ്യങ്ങളും പിന്തുണച്ച് വോട്ട് ചെയ്തിരുന്നു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.