യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യവിമാനം തിരിച്ചു; ഒൻപതരയോടെ മുംബയിലെത്തും, യാത്രക്കാരിൽ 19 മലയാളികളും
ന്യൂഡൽഹി: യുക്രെയിനിൽ അകപ്പെട്ടിരുന്ന ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം റൊമേനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ഇന്നുച്ചയ്ക്ക് 1.45ഓടെയാണ് ബുക്കാറെസ്റ്റിൽ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രാത്രി ഒൻപതരയോടെ വിമാനം മുംബയിലെത്തും. 19 മലയാളികളുൾപ്പടെ 219 യാത്രക്കാർ വിമാനത്തിലുണ്ടെന്നാണ് വിവരം.കേന്ദ്രസർക്കാരിന്റെ കണക്ക് പ്രകാരം പതിനാറായിരത്തോളം ഇന്ത്യക്കാരാണ് നിലവിൽ യുക്രെയിനിൽ കുടുങ്ങിയിരിക്കുന്നത്. ഇതിൽ 2300 ഓളം മലയാളികളും ഉണ്ടെന്നാണ് സൂചന. യുക്രെയിനിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.ആദ്യഘട്ടത്തിൽ രണ്ട് വിമാനങ്ങളായിരുന്നു റൊമാനിയയിൽ എത്തിയത്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് എയർ ഇന്ത്യാ വിമാനം പുറപ്പെടാൻ ഒരുങ്ങുകയാണ്. എത്രയും പെട്ടെന്ന് തന്നെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങൾ ക്രമീകരിക്കാൻ രാജ്യത്തെ സ്വകാര്യ വിമാന കമ്പനികൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. യുദ്ധം കൂടുതൽ ശക്തമല്ലാത്ത യുക്രെയിനിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവരെ ആദ്യം ഒഴിപ്പിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം. യുക്രെയിനിൽ കുടുങ്ങിയിരിക്കുന്ന പൗരൻമാരെ തിരികെയെത്തിക്കാൻ മറ്റ് രാജ്യങ്ങളും ആശ്രയിക്കുന്നത് ഹംഗറി, പോളണ്ട്, റൊമേനിയ എന്നിവരെയായതിനാൽ ഈ രാജ്യങ്ങളിലെ വ്യോമഗതാഗത മേഖലയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.