തലയുടെ ‘വാലിമൈ’ ആഘോഷമാക്കി ആരാധകർ; നിർമ്മാതാവ് ബോണി കപൂറിന്റെ കാറിന് പാലും തൈരും കൊണ്ട് അഭിഷേകം, വീഡിയോ
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വാലിമൈ’ ആഘോഷമാക്കി ആരാധകർ. ചിത്രത്തിന് ആദ്യ ദിനം കിട്ടിയ കളക്ഷൻ വച്ച് ഈ വർഷത്തെ ഏറ്റവും മികച്ച തമിഴ് ചിത്രമായി വാലിമൈ മാറിയിട്ടുണ്ട്. ആദ്യദിനം 25 കോടി രൂപയാണ് ഇന്ത്യയൊട്ടാകെ വാലിമൈയുടെ കളക്ഷൻ.2019ൽ നേർകൊണ്ട പാർവൈയ്ക്ക് ശേഷം ഏതാണ്ട് രണ്ടര വർഷത്തിന് ശേഷമാണ് വാലിമൈയുമായി അജിത്ത് എത്തുന്നത്. നേർകൊണ്ട പാർവൈയുടെ സംവിധായകൻ എച്ച്.വിനോത് തന്നെയാണ് വാലിമൈയുടെയും സംവിധായകൻ. പുതിയ ചിത്രത്തിന്റെ ആഘോഷത്തിനിടെ നിർമ്മാതാവായ ബോണി കപൂറിന്റെ കാറിൽ ആവേശത്തോടെ പാലഭിഷേകവും തൈര് അഭിഷേകവും നടത്തിയിരിക്കുകയാണ് ‘തല’ ആരാധകർ. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.ബോളിവുഡിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ ബോണി പ്രശസ്ത ചലച്ചിത്രതാരം ശ്രീദേവിയുടെ ഭർത്താവാണ്.ആരാധകരുടെ അജിത്തിനോടുളള സ്നേഹം അക്ഷരാർത്ഥത്തിൽ ബോണി കപൂറിനെ അത്ഭുതപ്പെടുത്തി. ‘ജോലിയോട് വളരെയധികം ആത്മാർത്ഥതയും അർപ്പണബോധവും വിനയവും എളിമയുമുളള നടനാണ് അജിത്ത്. ചിത്രത്തിന്റെ പ്രി-പ്രൊഡക്ഷൻ ഘട്ടംമുതൽ നല്ല പിന്തുണയാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്.’ ബോണി കപൂർ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനായ എച്ച്.വിനോത് വളരെയധികം പെർഫെക്ഷനിസ്റ്റ് ആണെന്നും കൊവിഡ് കാലത്ത് വളരെയധികം നന്നായി ക്രൂ സഹകരിച്ചെന്നും ബോണി കപൂർ പറഞ്ഞു.