കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ പരിഷ്ക്കരിക്കും
തീരദേശത്തിന്റെ സ്വപ്ന പദ്ധതിയായ കോട്ടച്ചേരി മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തോടൊപ്പം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങളും പരിഷ്ക്കരിക്കും. മേല്‍പ്പാലത്തില്‍ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ സര്‍വ്വീസ് റോഡിലൂടെ മുന്നോട്ട് പോയി പ്രധാന റോഡിലേക്ക് പ്രവേശിക്കണം. മേല്പാലത്തിലൂടെ തീരദേശത്തേക്ക് പോകുന്ന വാഹനങ്ങള്‍ ട്രാഫിക്ക് ജംഗ്ഷനില്‍ നിന്ന് സര്‍വ്വീസ് റോഡില്‍ കയറി റോഡിന്റെ ഇടത് വശം ചേര്‍ന്നു പോകണം. കോട്ടച്ചേരി മലനാട് ടൂറിസ്റ്റ് ഹോമിന്റെ മുന്‍വശം യു ടേണ്‍ നിര്‍മ്മിക്കാനും ബൈക്ക് ഓട്ടോ, കാര്‍, ജീപ്പ്, തുടങ്ങിയ ലൈറ്റ് വെഹിക്കിളുകള്‍ക്ക് ഇത് വഴി പ്രവേശിക്കാന്‍ അനുമതി നല്‍കും. മാവുങ്കാല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്കായി വെള്ളായി പാലം വഴി വണ്‍വേ സംവിധാനം എര്‍പ്പെടുത്തും. മേല്‍പാലത്തിനും പുതുതായി ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ക്കും ആവശ്യമായ ട്രാഫിക്ക് സിഗ്നലുകള്‍ ,പാര്‍ക്കിംഗ്/നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ വെയ്ക്കാനും പടന്നക്കാട് മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ ക്യാമറകള്‍ സ്ഥാപിക്കുവാനും ജില്ലാ ട്രാഫിക്ക് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കാനും നഗരസഭ ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. ഹൊസ്ദുര്‍ഗ്ഗ് ഡിവൈഎസ്പി ഡോ.വി ബാലകൃഷ്ണന്, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. പ്രകാശന്, ആര്‍ഡിഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ആര്. ശ്രീകല, എ.എം.വി പ്രദീപന് എന്നിവര്‍ സംബന്ധിച്ചു.
*വികസനത്തിന്റെ ആകാശപാതയില്‍ കാഞ്ഞങ്ങാട്*
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലൂടെ നാടിന്റെ ഒത്തൊരുമ കേരളത്തെ അറിയിച്ച കാഞ്ഞങ്ങാട് ദേശീയ പ്രസ്ഥാനങ്ങളുടെ സമരഭൂമി കൂടിയാണ്. തെയ്യങ്ങള്‍ക്ക് ഏറെ പ്രസിദ്ധമായ ഇവിടെ പൂരക്കളി, എരുതുകളി, അലാമിക്കളി തുടങ്ങിയ നാടന്‍കലകള്‍ക്കും പേരുകേട്ട സ്ഥലമാണ്.
ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയേറിയ മുനിസിപ്പാലിറ്റിയും വ്യാപാര കേന്ദ്രവുമാണ് കാഞ്ഞങ്ങാട്. നീലേശ്വരം പുഴയുടെ പോഷകനദിയായ അരയിപ്പുഴ ഒഴുകുന്നത് കാഞ്ഞങ്ങാട്ടു കൂടിയാണ്. ഹോസ്ദുര്‍ഗ് കോട്ട, മഡിയന്‍ കൂലോം ക്ഷേത്രം, നിത്യാനന്ദ ആശ്രമം, മഞ്ഞംപൊതിക്കുന്ന്, ഗാന്ധിസ്മൃതി മണ്ഡപം തുടങ്ങിയവയാണ് പ്രധാന സ്ഥലങ്ങള്‍. കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയും കാഞ്ഞങ്ങാടിന്റെ കലാപാരമ്പര്യത്തിന് മാറ്റു കൂട്ടുന്നു. 1799 മുതല്‍ 1862 വരെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായ ബേക്കല്‍ താലൂക്കിലായിരുന്നു കാഞ്ഞങ്ങാട്. 1862 ഏപ്രില്‍ 15ന് ദക്ഷിണ കന്നട ജില്ല മദ്രാസ് പ്രസിഡന്‍സിയിലാക്കിയപ്പോള്‍ ഈ പ്രദേശം ബേക്കല്‍ താലൂക്കിനു പകരമായി വന്ന കാസര്‍ഗോഡ് താലൂക്കിലായി. കേരള സംസ്ഥാന രൂപീകരണശേഷം 1957 ജനുവരി 1ന് ഹോസ്ദുര്‍ഗ് താലൂക്ക് നിലവില്‍ വന്നപ്പോള്‍ അതിന്റെ ആസ്ഥാനമായി കാഞ്ഞങ്ങാട് മാറി. ഒരു സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായിരുന്ന കാഞ്ഞങ്ങാടിനെ 1984 ജൂണ്‍ ഒന്നിന് നഗരസഭയായി ഉയര്‍ത്തി. കാഞ്ഞങ്ങാടിന്റെ വികസന സാധ്യതകള്‍ പങ്കുവയ്ക്കുകയാണ് നഗരസഭാധ്യക്ഷ കെ.വി.സുജാത.
*ക്ലീന്‍ കാഞ്ഞങ്ങാട്*
ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനും അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേന വഴി ശേഖരിക്കുകയും പിന്നീട് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ടി റിങ്ങ് കംപോസ്റ്റുകള്‍ വിതരണം ചെയ്തു. ഏകദേശം 4000 കുടുംബങ്ങളിലേക്ക് റിങ്ങ് കംപോസ്റ്റുകള്‍ എത്തിക്കും. റിങ്ങ് കംപോസ്റ്റ് സ്ഥാപിക്കാന്‍ കഴിയാത്തവര്‍ക്കും ക്വാട്ടേഴ്സുകളില്‍ താമസിക്കുന്നവര്‍ക്കും കിച്ചന് ബിന്‍ നല്‍കുന്നുണ്ട്. കൃത്യമായ ആക്ഷന്‍ പ്ലാനിലൂടെയാണ് കാഞ്ഞങ്ങാട് നഗരസഭയുടെ മാലിന്യ സംസ്കരണം നടക്കുന്നത്.
*അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ്*
കാഞ്ഞങ്ങാട് നഗരസഭ നല്ല പ്രതീക്ഷയോടെ കാണുന്ന ഒന്നാണ് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ്. ബൈലോ യുമായി ബന്ധപ്പെട്ട ചെറിയ വിഷയങ്ങള്‍ കാരണം ലേലം കൊണ്ടിട്ടില്ല. ബൈലോ ഭേദഗതി ചെയ്യുന്നതിന് കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ട്. കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ക്ക് വിധേയമായി മാര്‍ച്ച് മാസത്തോടെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കടമുറികള്‍ ലേലം ചെയ്തു നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
*സ്വപ്ന പാലം യഥാര്‍ഥ്യമായി*
കാഞ്ഞങ്ങാടിന്റെ വികസനത്തില്‍ വലിയ മുതല്‍ കൂട്ടാണ് കിഴക്കന്‍ മേഖലയെയും പടിഞ്ഞാറന്‍ മേഖലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോട്ടച്ചേരി മേല്‍പാലം. സ്ഥലം വിട്ടുനല്‍കിയ ആളുകള്‍ക്ക് ഭീമമായ തുക നല്‍കിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത്. തീരദേശവാസികള്‍ക്ക് നഗരവുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും. പാലം തുറന്നു കൊടുക്കുന്നതോടെ നഗരത്തില്‍ ഗതാഗതതിരക്ക് അനുഭവപ്പെടും. ഇതിനെ മറികടക്കാന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചേര്‍ന്ന് ശാസ്ത്രീയമായ പഠനം നടത്തി നടപടി സ്വീകരിച്ചു വരുന്നു. പാര്‍ക്കിങ് ഇല്ലാത്ത സ്ഥലങ്ങളില്‍ പേ പാര്‍ക്കിങ് സൗകര്യത്തിന് സ്ഥലം തരം തിരിച്ച് കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 7ന് പാലം നാടിന് സമര്‍പ്പിക്കും.
*കാഞ്ഞങ്ങാടിന്റെ ആകാശപാത*
ആകാശപാതയുടെ വരവ് നഗരത്തിലെ ഗതാഗതക്കുരുവിന് വലിയ പരിഹാരമാകും. നോര്‍ത്ത് കോട്ടച്ചേരി മുതല്‍ സ്മൃതി മണ്ഡപം വരെയാണ് ആകാശപാത നിര്‍മിക്കുന്നത്. ഇതിന്റെ മണ്ണുപരിശോധന അടക്കം പൂര്‍ത്തിയായി.
*ആധുനിക അറവുശാല*
ആവിക്കരയിലാണ് ആധുനിക അറവുശാലയ്ക്ക് സ്ഥലം കണ്ടെത്തിയത്. മണ്ണു പരിശോധന പൂര്‍ത്തിയായി. പദ്ധതിയുടെ ഡിപിആര്‍ തയാറായി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയൂ.
*നിലാരംബര്‍ക്ക് തണലൊരുക്കാന്‍ അഭയ കേന്ദ്രം*
താമസിക്കാന്‍ സ്വന്തമായി ഇടമില്ലാതെ തെരുവില്‍ അഭയം തേടുന്ന നിരാലംബരെ പാര്‍പ്പിക്കുന്നതിനായുള്ള അഭയ കേന്ദ്രത്തിന് മൂന്നേക്കാല്‍ കോടി ബജറ്റില്‍ നേരത്തെ മാറ്റി വെച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മണ്ണ് പരിശോധനയടക്കമുള്ള പ്രവര്‍ത്തികള്‍ നടന്നിരുന്നില്ല. കഴിഞ്ഞ ദിവസം ടെക്നിക്കല്‍ ടീമുമായി ചര്‍ച്ച ചെയ്തിരുന്നു. എത്രയും വേഗത്തില്‍ അഭയ കേന്ദ്രത്തിന്റെ തുടര്‍ നടപടികള്‍ തുടങ്ങും. മേലാങ്കോട്ട് ആണ് അഭയ കേന്ദ്രം നിര്‍മ്മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്ന തോടെ കാഞ്ഞങ്ങാട് നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആരും ഉണ്ടാകരുതെന്ന സ്വപ്നമാണ് പൂര്‍ത്തിയാകുന്നത്.