ന്യൂഡൽഹി: കോൺഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂരിനും കവി വി. മധുസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശശി തരൂർ രചിച്ച ‘ഇറ ഒഫ് ഡാർക്ക്നെസ്സ്’ എന്ന പുസ്തകത്തിനും മധുസൂദനൻ നായർ എഴുതിയ ‘അച്ഛൻ പിറന്ന വീട്’ എന്ന കവിതാ സമാഹാരത്തിനുമാണ് പുരസ്ക്കാരം ലഭിച്ചത്. ബ്രിട്ടീഷ് കോളനിവാഴ്ച ഇന്ത്യയ്ക്ക് ഗുണമാണ് ചെയ്തതെന്ന വാദത്തെ തള്ളിക്കൊണ്ട് ബ്രിട്ടീഷ് ഭരണത്തിന്റെ ദൂഷ്യവശങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകമാണ് തരൂരിന്റെ ‘ ഇറ ഒഫ് ഡാർക്ക്നെസ്’. അതേസമയം പ്രകൃതിയിൽ നിന്നും, മണ്ണിനും ജലത്തിലും നിന്നും അകന്ന് കൃത്രിമത്വത്തെ പുൽകുന്ന പുതിയ ലോകത്തിലൂടെ ഒരു അച്ഛനും അയാളുടെ മക്കളും മനസുകൊണ്ട് നടത്തുന്ന സഞ്ചാരമാണ് ‘അച്ഛൻ പിറന്ന വീട്’ എന്ന കവിതാ സമാഹാരത്തിന്റെ ഇതിവൃത്തം.