കീഴടങ്ങില്ല, ആയുധം താഴെ വയ്ക്കുകയുമില്ല; സെലൻസ്കിയുടെ പുതിയ വീഡിയോ പുറത്ത്; 1000 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയിൻ
കീവ്: സൈനിക അധിനിവേശത്തിനിടെ ആയിരത്തിലധികം റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയിൻ സൈന്യം അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ കുറിച്ച് റഷ്യൻ സൈന്യം ഇതുവരെ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. റഷ്യൻ അധിനിവേശത്തിൽ 25 സിവിലിയൻമാർ കൊല്ലപ്പെടുകയും 102 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.അതേസമയം, കീഴടങ്ങില്ലെന്ന് വ്യക്തമാക്കി ഔദ്യോഗിക വസതിക്ക് മുന്നിൽ നിന്നും യുക്രെയിൻ പ്രസിഡന്റ് സെലൻസ്കി പുതിയ വീഡിയോ പുറത്തു വിട്ടിട്ടുണ്ട്. ആയുധം താഴെ വയ്ക്കില്ലെന്നും കീഴടങ്ങാൻ നിർദേശിച്ചുവെന്നത് വ്യാജപ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജപ്രചാരണത്തിൽ വീഴരുത്. ഞാൻ കീവിൽ തന്നെയുണ്ട്. യുക്രെയിൻ നമ്മുടെ നാടാണ്, നമമൾ കീഴടങ്ങില്ല. തന്ത്രപ്രധാനപരമായ കെട്ടിടം പിടിക്കാനുള്ള റഷ്യൻ ശ്രമം തകർത്തതായും അദ്ദേഹം പറഞ്ഞു.റഷ്യയുടെ 80 ടാങ്കുകൾ, യന്ത്രത്തോക്കുകൾ ഘടിപ്പിച്ച 516 കവചിത വാഹനങ്ങൾ, ഏഴ് ഹെലികോപ്ടറുകൾ, 10 വിമാനങ്ങൾ, 20 ക്രൂയിസ് മിസൈലുകൾ എന്നിവ നശിപ്പിച്ചതായി യുക്രെയിൻ അവകാശപ്പെട്ടു. യുക്രെയിനിലെ 211 സൈനിക അടിസ്ഥാന സൗകര്യങ്ങൾ തങ്ങളുടെ സൈനികർ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.കീവിനു പുറത്തുള്ള ഹോസ്റ്റോമൽ വിമാനത്താവളം പിടിച്ചെന്ന് റഷ്യ അവകാശപ്പെട്ടു. കൂടുതൽ പാരാട്രൂപ്പർ സൈനികരെ ഇവിടെ ഇറക്കിയിട്ടുണ്ട്. ഒഡേസയ്ക്കു സമീപം റഷ്യൻ യുദ്ധക്കപ്പലുകൾ മോൽഡോവയുടെ കെമിക്കൽ ടാങ്കറും പാനമയുടെ ചരക്കുകപ്പലും ആക്രമിച്ചതായി യുക്രെയ്ൻ സ്ഥിരീകരിച്ചു.മുപ്പതു ലക്ഷം ജനസംഖ്യയുള്ള കീവിലേക്ക് വ്യോമ, മിസൈൽ, പീരങ്കി ആക്രമണങ്ങളുമായാണ് റഷ്യൻ മുന്നേറ്റം. ഒബളോൻസ്കിയിൽ നിരവധി സ്ഫോടനങ്ങളുണ്ടായി. ഹൈവേകളിലും അപ്പാർട്ടുമെന്റുകളുടെ ഇടവഴികളിലും പോരാട്ടം നടക്കുകയാണ്. നഗരം സ്ഥിതി ചെയ്യുന്ന നീപ്പ നദിയുടെ പടിഞ്ഞാറേ തീരം റഷ്യ കൈയടക്കി. ഇന്നലെ നാൽപ്പതിലേറെ ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളാണ് നഗരത്തിലേക്ക് പ്രയോഗിച്ചത്. റഷ്യയുടെ യന്ത്രത്തോക്കുകൾ ഘടിപ്പിച്ച കവചിത വാഹനങ്ങളും പീരങ്കികളും നഗരവീഥികളിലൂടെ നീങ്ങുന്നുണ്ട്.യുക്രെയിന്റെ ഒരു സുഖോയ് 27 യുദ്ധവിമാനത്തെ റഷ്യൻ മിസൈൽ തകർത്തു. റഷ്യൻ പാരാട്രൂപ്പർമാരുടെ നിയന്ത്രണത്തിലായിരുന്ന ഗോസ്തോമെൽ വ്യോമത്താവളം യുക്രെയിൻ തിരിച്ചു പിടിച്ചെന്ന് റിപ്പോർട്ടുണ്ട്. എങ്കിലും നഗരം ഏതു നിമിഷവും റഷ്യൻ സേന പിടിച്ചെടുക്കുന്നതിലേക്ക് നീങ്ങുകയാണ്. കീവിലെ ജനങ്ങൾ കൂട്ടപലായനത്തിലാണ്.