കണ്ണൂർ: ജാമിയ മിലിയ, അലിഗഢ് സർവകലാശാല വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ വിദ്യാർഥികളെ ആർഎസ്എസുകാർ ആക്രമിച്ചു. മമ്പറം ഇന്ദിരാഗാന്ധി കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥികളെയാണ് ആർഎസ്എസുകാർ ആക്രമിച്ചത്. ഇരുമ്പുവടി, സോഡാക്കുപ്പി എന്നിവയടക്കമുള്ള ആയുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
ബുധനാഴ്ച പകൽ ഒന്നോടെ മമ്പറം ടൗണിലാണ് സംഭവം. കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിൽ സംഘടനാ ഭേദമന്യേ നൂറുകണക്കിനു വിദ്യാർഥികൾ പങ്കെടുത്തിരുന്നു. പ്രകടനം അവസാനിപ്പിച്ച് വിദ്യാർഥികൾ മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം. ആക്രമികൾ ഇരുമ്പുവടികളും സോഡാക്കുപ്പികളും പഴവർഗങ്ങളുടെ ട്രേകളും മറ്റുമെടുത്ത് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പത്തോളം വിദ്യാർഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് ക്രിമിനൽ പ്രനൂപിന്റെ നേതൃത്വത്തിലുള്ള പുത്തൻകണ്ടം ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു.